കൊച്ചി: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നു കെ.കെ. ശൈലജയെ ഒഴിവാക്കിയതിതില്‍ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. കെ.കെ. ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.
‘പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക , പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു…’ ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫേസ്ബുക്കില്‍ കുറിച്ചു.
കെ.കെ ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് ഗായിക സിത്താര കൃഷ്ണകുമാറും രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശ, പുതിയ മന്ത്രിസഭക്ക് ആശംസകളും സിത്താര നേര്‍ന്നു.
കെ.കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നടിമാരായ സംയുക്ത മേനോന്‍, ഗീതുമോഹന്‍ദാസ്, മാലാ പാര്‍വതി തുടങ്ങിയവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു.
വിപ്പായാണ് കെ. കെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.
കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിലും കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.