ആര്‍ത്തവത്തിന്റെ പേരില്‍ ജീവനക്കാരിയ്ക്ക് പരിഹാസം,സ്ഥാപനമുടമ 27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
എഡിന്‍ബര്‍ഗ്:സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം. ആ സമയത്ത് സ്ത്രീകളിൽ വലിയ തരത്തിലുള്ള ശാരീരികവും മാനസികവുമായിട്ടുള്ള മാറ്റങ്ങൾ സംഭവിക്കുകയും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ, നമ്മുടെ സമൂഹം അതിന് വലിയ ഗൗരവമോ പരിഗണനയോ ഒന്നും നൽകാറില്ല. ‘ഓ, അതൊക്കെ സാധാരണമല്ലേ’ എന്ന മട്ടിൽ അവർ അതൊക്കെ തള്ളിക്കളയും. ഇപ്പോഴിതാ ആർത്തവ വിരാമത്തിന്റെ പേരിൽ സ്ത്രീയെ കളിയാക്കിയ കമ്പനിയുടമയോട് സ്ത്രീക്ക് 27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടിരിക്കയാണ് ട്രിബ്യൂണൽ.
സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള 49 -കാരിയായ കാരെൻ ഫാർകുഹാർസൺ എന്ന സ്ത്രീയാണ് ബോസിനെതിരെ പരാതി നൽകിയത്. ‘കാരെൻ ആർത്തവ വിരാമം എല്ലാത്തിനുമുള്ള ഒഴികഴിവാക്കുകയാണ്’ എന്നായിരുന്നു ബോസ് പറഞ്ഞത്. 1995 മുതൽ തന്നെ അവൾ തിസിൽ മറൈൻ എന്ന എൻജിനീയറിങ് ഫേമിൽ ജോലി നോക്കുന്നുണ്ട്. 38 ലക്ഷം രൂപയായിരുന്നു കാരെന്റെ വരുമാനം.
2021 -ലായിരുന്നു എല്ലാത്തിന്റേയും തുടക്കം. മാനസികവും ശാരീരികവും ആയി ചില ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് അവൾ തന്റെ ബോസിനോട് തനിക്ക് ആർത്തവ വിരാമം ആവാറായി എന്ന് തോന്നുന്നു, അതിന്റെ പ്രശ്നങ്ങളുണ്ട് എന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ, 2022 ഡിസംബറിൽ രണ്ട് ദിവസം അവൾ വർക്ക് ഫ്രം ഹോം എടുത്തു. ആർത്തവ വിരാമത്തെ തുടർന്നുണ്ടായ ബ്ലീഡിംഗ് കാരണമായിരുന്നു ഇത്. മാത്രമല്ല, ആ ദിവസങ്ങളിൽ അവളുടെ വീടിന് സമീപം കനത്ത മഞ്ഞുമായിരുന്നു.
മൂന്നാമത്തെ ദിവസം അവൾ ജോലിക്കെത്തിയപ്പോൾ ബോസ് അവളോട് ‘ഓ, അങ്ങനെ നിങ്ങൾക്ക് അത് സംഭവിച്ചു അല്ലേ?’ എന്ന് പരിഹസിക്കുകയായിരുന്നു. തന്റെ അവസ്ഥയെ കുറിച്ച് അവൾ ബോസിനോട് പറഞ്ഞെങ്കിലും ‘എല്ലാവർക്കും ഉണ്ടാകുന്നതാണ് വേദന’ എന്ന് പറഞ്ഞുകൊണ്ട് അവളെ പിരിച്ചു വിടുകയായിരുന്നു അയാൾ ചെയ്തത്. ഇതോടെയാണ് അവൾ ട്രിബ്യൂണലിനെ സമീപിക്കാൻ തീരുമാനിച്ചത്.
താൻ വളരെ നിഷ്കളങ്കമായിട്ടാണ് അങ്ങനെ ഒരു കമന്റ് പറഞ്ഞത് എന്നായിരുന്നു ബോസിന്റെ വാദം. മാത്രമല്ല, കരേൻ തന്റെ വിവാഹത്തിനു വേണ്ടി പണമുണ്ടാക്കാനാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞ് ട്രിബ്യൂണലിനെ സമീപിച്ചത് എന്നും അയാൾ ആരോപിച്ചു.
എന്നാൽ, പാനലിന്റെ ചെയർമാനായ ജെയിംസ് ഹെന്റി പറഞ്ഞത്, ‘ബോസായ ജിം ക്ലർക്ക് തന്റെ മാത്രം അധ്വാനം കൊണ്ട് ബിസിനസുകാരനായി വളർന്ന ഒരാളാണ്. അയാൾക്ക് ഒരുപാട് ഗുണങ്ങളുണ്ട്. എന്നാൽ, അയാളിൽ കരുണ ഇല്ല. അത് വളരെ അത്യാവശ്യം വേണ്ട ഗുണമാണ്. തന്നെപ്പോലെ ജോലി ചെയ്യാത്തവരോടും അസുഖമുള്ളവരോടും അദ്ദേഹത്തിന് ക്ഷമയോ ബഹുമാനമോ കുറവാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു’ എന്നാണ്.