KeralaNews

അക്കൗണ്ട് തുറക്കുംമുമ്പെ രോഹൻ പുറത്ത് ; തൊട്ടടുത്ത ഓവറില്‍ അക്ഷയ് ചന്ദ്രൻ മടങ്ങി; കേരളത്തെ തകര്‍ച്ചയില്‍നിന്നും കരകയറ്റി സര്‍വാതെ – അഹമ്മദ് ഇമ്രാന്‍ കൂട്ടുകെട്ട്; നാളെ കേരളത്തിന് നിർണായകം

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കന്നിക്കിരീടം സ്വപ്നംകണ്ടിറങ്ങിയ കേരളം വിദര്‍ഭയ്ക്ക് എതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. 120 പന്തില്‍ നിന്നും 66 റണ്‍സുമായി ആദിത്യ സര്‍വാതെയും ഏഴ് റണ്‍സുമായി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയെ 379 റണ്‍സിന് കേരളം പുറത്താക്കിയിരുന്നു.രണ്ടാംദിനം ബൗളിങ്ങില്‍ ഉജ്ജ്വലപ്രകടനമാണ് കേരളം കാഴ്ചവെച്ചത്. ബുധനാഴ്ച നാലു വിക്കറ്റുകള്‍ നേടിയ കേരളം വ്യാഴാഴ്ച ശേഷിച്ച ആറുവിക്കറ്റുകള്‍ക്കൂടി പിഴുതു.

മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് 14 റണ്‍സിനിടെ തന്നെ ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ (14), രോഹന്‍ കുന്നുമ്മല്‍ (0) എന്നിവരെയാണ് തുടക്കത്തില്‍ തന്നെ നഷ്ടമായത്. പിന്നാലെ അഹമ്മദ് ഇമ്രാനും ആദിത്യ സര്‍വാതെയും ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ടീം സ്‌കോര്‍ 116-ല്‍ നില്‍ക്കേ അഹമ്മദ് ഇമ്രാനെയും(37) നഷ്ടമായി. ദര്‍ശന്‍ നല്‍കണ്ഡെ രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ യാഷ് താക്കൂര്‍ ഒരു വിക്കറ്റെടുത്തു. വിദര്‍ഭയുടെ സ്‌കോറിന് ഒപ്പമെത്താന്‍ കേരളത്തിന് ഇനി 248 റണ്‍സ് കൂടി വേണം.

വിദര്‍ഭയെ 379 ല്‍ പിടിച്ചുകെട്ടി ആവേശത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടയേറ്റു. ദര്‍ശന്‍ നാല്‍ക്കണ്ഡെയുടെ ഓവറിലെ അഞ്ചാം പന്തില്‍ രോഹന്‍ കുന്നുമ്മല്‍(0) ബൗള്‍ഡായി മടങ്ങി. തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തിയ നാല്‍ക്കണ്ഡെ കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 14 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെയും നാല്‍ക്കണ്ഡെ തന്നെ മടക്കി. ഇതോടെ 14-2ലേക്ക് വീണ കേരളം പൂര്‍ണമായും പ്രതിരോധത്തിലായി.

എന്നാല്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പകരം ഇറങ്ങിയ മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പിടിച്ചു നിന്നു. കൂട്ടിന് അഹമ്മദ് ഇമ്രാനും കൂടിയായതോടെ കേരളം പതുക്കെ പിടിച്ചു കയറി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദര്‍ഭയുടെ മുന്‍തൂക്കം തിരിച്ചുപിടിച്ചു.

നേരത്തെ നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം ശക്തമായി തിരിച്ചുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും രണ്ട് വിക്കറ്റെടുത്ത എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്.

രണ്ടാം ദിനം തുടക്കത്തിലെ ബ്രേക്ക്ത്രൂ നേടിയാണ് കേരളം മത്സരത്തില്‍ തിരിച്ചെത്തിയത്. വിദര്‍ഭയുടെ സെഞ്ചുറിവീരന്‍ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാക്കുകയായിരുന്നു. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്.

വ്യാഴാഴ്ച 125 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് വിദര്‍ഭയ്ക്ക് ആറുവിക്കറ്റുകള്‍ നഷ്ടമായത്. പത്താംവിക്കറ്റില്‍ 44 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു. സെമിയില്‍ കളിച്ച വരുണ്‍ നായനാര്‍ക്ക് പകരക്കാരനായിറങ്ങിയ ഏദന്‍ ആപ്പിള്‍ ടോമിനും എം.ഡി. നിധീഷിനും മൂന്നുവീതം വിക്കറ്റുകള്‍. എന്‍. ബാസില്‍ രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ ജലജ് സക്‌സേന ഒരു വിക്കറ്റും പിഴുതു. വിദര്‍ഭയ്ക്കായി പത്താംവിക്കറ്റില്‍ ഹര്‍ഷ് ദുബെയും നാചികെട്ട് ഭൂട്ടെയും ചേര്‍ന്ന് 44 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഭൂട്ടെ 32 റണ്‍സും ദുബെ പുറത്താവാതെ 12 റണ്‍സും നേടി.

ഡാനിഷ് മാലേവര്‍ എന്ന ഇരുപത്തൊന്നുകാരന്റെ ചെറുത്തുനില്‍പ്പിന് അറുതിയാക്കി എന്‍. ബാസിലാണ് വ്യാഴാഴ്ച ആദ്യ കൊയ്ത്ത് തുടങ്ങിയത്. സ്വന്തം സ്‌കോര്‍ നൂറ്റന്‍പതും കടന്ന് മുന്നേറുകയായിരുന്ന മാലേവര്‍, എന്‍.പി. ബാസിലിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. 285 പന്ത് നേരിട്ട വിദര്‍ഭ താരം മൂന്ന് സിക്സും 15 ബൗണ്ടറിയും സഹിതം 153 റണ്‍സ് നേടി. 100-ാം ഓവറില്‍ യഷ് താക്കൂറിനെയും ബാസില്‍തന്നെ പുറത്താക്കി. ഇതോടെ കഴിഞ്ഞദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നിലയുറപ്പിച്ച രണ്ടുപേരെയും ഒഴിവാക്കാന്‍ കേരളത്തിനായി.

തൊട്ടടുത്ത ഓവറില്‍ യഷ് റാത്തോഡിനെ ഏദന്‍ ആപ്പിളും മടക്കിയതോടെ വിദര്‍ഭയുടെ നില പരുങ്ങലിലായി. 290-ല്‍നിന്ന് 300-ലേക്കുള്ള ഓട്ടത്തില്‍ ഏഴ് റണ്‍സെടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് ടീമിന്റെ വീര്യം ചോര്‍ത്തി. 111-ാം ഓവറില്‍ അക്ഷയ് കര്‍നേവറിനെ (12) രോഹന്‍ കുന്നുമ്മലിന്റെ കൈകളിലേക്ക് നല്‍കി സക്സേന മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി. അസ്ഹറുദ്ദീന് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ അക്ഷയ് വദ്കറിനെ (23) മടക്കി ഏദന്‍ ആപ്പിളും നാചികെട്ട് ഭൂട്ടെയെ എം.ഡി. നിധീഷും മടക്കി.

നാലു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന നിലയില്‍ വിദര്‍ഭയുടെ ആദ്യദിന ബാറ്റിങ് അവസാനിച്ചിരുന്നു. രണ്ടാംദിനം 36 റണ്‍സ്‌കൂടി ചേര്‍ക്കുന്നതിനിടെയാണ് അഞ്ചാംവിക്കറ്റ് നഷ്ടമായത്. തുടര്‍ന്ന് ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ മറ്റുരണ്ടുപേര്‍ക്കൂടി പുറത്തായി. ആദ്യദിനം 24 റണ്‍സിനിടെ നാലുവിക്കറ്റ് നേടി കേരളം മത്സരത്തില്‍ വലിയ ബ്രേക്ക്ത്രൂ നേടിയെങ്കിലും, വിദര്‍ഭയുടെ നാലാംവിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ കുഴക്കി. ഇരുപത്തൊന്നുകാരന്‍ ഡാനിഷ് മാലേവറും കരുണ്‍ നായരും ചേര്‍ന്ന് 215 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് ഉയര്‍ത്തി. അഞ്ചുമണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 414 പന്തുകള്‍ നേരിട്ട ഈ സഖ്യത്തെ പൊളിച്ചത് രോഹന്‍ കുന്നുമ്മലാണ്.

ഓഫ് സ്റ്റമ്പിന് പുറത്തുപോയ ഏദന്‍ ആപ്പിള്‍ ടോമിന്റെ ബോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയില്‍നിന്ന് വഴുതിപ്പോയി. അപ്പോഴേക്കും ബൈ റണ്ണിനായി കരുണ്‍ ക്രീസ് വിട്ടിരുന്നു. എന്നാല്‍ മറുപുറത്ത് മാലേവര്‍ ഓടാന്‍ തയ്യാറായില്ല. തിരികെയെത്തുന്നതിനിടെ രോഹന്‍ കുന്നുമ്മലിന്റെ ത്രോ കുറ്റി തെറിപ്പിച്ചു. ദീര്‍ഘസമയത്തിനുശേഷം കേരളത്തിന് ലഭിച്ച നേരിയ ഒരാശ്വാസമായിരുന്നു ഇത്.ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker