കോട്ടയം:പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്തി’ലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കൾ തട്ടിയെടുത്തതായി ജില്ല പൊലീസ് മേധാവിക്ക് പരാതി. രാജപ്പെന്റ സഹോദരി, ഭർത്താവ്, മകൻ എന്നിവർക്കെതിരെയാണ് പരാതി. തന്റെ അറിവില്ലാതെ അക്കൗണ്ടിൽനിന്ന് 5,08,000 രൂപ പിൻവലിക്കുകയും തന്റെ രണ്ടു വള്ളങ്ങൾ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പൻ പരാതിയിൽ പറയുന്നു.
രാജപ്പെന്റ പരാതി ഇങ്ങനെ: ‘മൻ കി ബാത്തി’ൽ അഭിനന്ദനം ലഭിച്ചശേഷം നിരവധി സന്നദ്ധസംഘടനകൾ സഹായവുമായി രംഗത്തെത്തി. തുടർന്ന് കുമരകം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് എടുത്തു. വികലാംഗനായതിനാൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് സഹോദരിയെ നോമിനിയായി വെക്കാൻ ബാങ്ക് അധികൃതരോട് പറഞ്ഞു. 21 ലക്ഷം രൂപയോളം അക്കൗണ്ടിൽ വന്നിരുന്നു. രണ്ടു വള്ളവും ലഭിച്ചു. ഇതോടെ തന്നെ സംരക്ഷിച്ചിരുന്ന സഹോദരെന്റ ഒപ്പം വിടാതെ സഹോദരിയുടെ വീട്ടിൽ തടഞ്ഞുവെച്ചു. അന്വേഷിച്ചുചെന്ന സഹോദരനെ സഹോദരീ ഭർത്താവ് ഉപദ്രവിക്കുകയും ചെയ്തു.
വ്യക്തിപരമായ ആവശ്യങ്ങൾക്കായി അക്കൗണ്ടിൽനിന്ന് ചെക്ക് വഴി മൂന്നുലക്ഷം രൂപ പിൻവലിച്ചിരുന്നു. സ്വന്തമായി വസ്തുവുണ്ടെങ്കിൽ വീട് വെച്ചുനൽകാമെന്ന് വ്യക്തികളും സംഘടനകളും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുടുംബവിഹിതത്തിൽനിന്ന് മൂന്നുസെന്റ് വസ്തു സഹോദരങ്ങേളോട് ആവശ്യപ്പെട്ടു.
എന്നാൽ സഹോദരിയുടെ മകന് പത്തുലക്ഷം രൂപ നൽകിയാൽ മാത്രമേ സ്ഥലം നൽകൂ എന്ന് സഹോദരി പറഞ്ഞു. ഇത് സമ്മതിക്കാത്തതിനെതുടർന്ന് വഴക്ക് പതിവായിരുന്നു. തുടർന്ന് സഹോദരനൊപ്പമാണ് താമസം. തുടർന്ന് ബാങ്കിൽ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ജോയന്റ് അക്കൗണ്ടാണെന്നും രണ്ടു തവണയായി 5,0,8000 രൂപ പിൻവലിച്ചതായും അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു