ഞാന്‍ പേടിച്ച് പിന്നെ മിണ്ടില്ല.എന്നും രാവിലെ എന്നെ ചില ഗുളിക തീറ്റിക്കും.പിന്നെ ഒന്നും തോന്നൂല. ഞാന്‍ ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഗര്‍ഭമുണ്ടാകാതിരിക്കാനാന്നും പറഞ്ഞ് പിന്നേം ഗുളിക തീറ്റിക്കും.പിന്നെ ഓരോരുത്തരു വരാന്‍ തുടങ്ങും.ബലാത്സംഗം തമാശയല്ല ദീപാ നിശാന്തിന്റെ കുറിപ്പ്

കൊച്ചി: ബലാത്സംഗത്തെ നിസാരവത്കരിച്ചുള്ള എറണാകുളം എം.പി ഹൈബി ഈഡന്റെ ഭാര്യയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പോസ്റ്റ് പിന്‍വലിച്ച് അന്ന ഈഡന്‍ മാപ്പു പറഞ്ഞെങ്കിലും ഇതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കുറവില്ല. ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ അവസ്ഥകളിലൂടെയാണ് അധ്യപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കടന്നുപോകുന്നത്.

ദീപയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘ആദ്യമൊക്കെ ഞാന്‍ നിലവിളിക്കുമായിരുന്നു. ഒന്നും ചെയ്യല്ലേ എന്നെ വിടണേ എന്നൊക്കെ ഉറക്കെ കരഞ്ഞ് പറയുമായിരുന്നു. അപ്പോ അവരെന്റെ വായമര്‍ത്തിക്കൊണ്ട് ചവിട്ടിപ്പിടിക്കും. ഞെരിച്ചു നോവിക്കും.കൊന്നുകളയുമെന്ന് ചെവിയില്‍ പാമ്പൂതുന്ന പോലെ ചീറ്റും. ഞാന്‍ പേടിച്ച് പിന്നെ മിണ്ടില്ല.എന്നും രാവിലെ എന്നെ ചില ഗുളിക തീറ്റിക്കും.പിന്നെ ഒന്നും തോന്നൂല. ഞാന്‍ ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഗര്‍ഭമുണ്ടാകാതിരിക്കാനാന്നും പറഞ്ഞ് പിന്നേം ഗുളിക തീറ്റിക്കും.പിന്നെ ഓരോരുത്തരു വരാന്‍ തുടങ്ങും. തൊഴുതു കരഞ്ഞിട്ടും എതിര്‍ത്തിട്ടും ഫലമില്ല. ചവിട്ടി മലര്‍ത്തിക്കളയും. ഞാന്‍ പേടിച്ച് അനങ്ങാതെ കിടക്കും. വയ്യാതാവുമ്പോള്‍ അവിടുള്ള മുതിര്‍ന്ന ചില പെണ്ണുങ്ങള്‍ ചൂടുവെള്ളോം മരുന്നുമൊക്കെ കൊണ്ടുവന്ന് തേച്ചു കഴുകിക്കിടത്തും.ആകെ നീറ്റലായിരിക്കും. ഞാന്‍ ചത്തപോലെ കിടന്നു കൊടുക്കും. എപ്പോഴും ആരെങ്കിലും കാവലുകാണും. കരഞ്ഞാലും വിളിച്ചാലും ആരും കേള്‍ക്കുന്നിടത്തൊന്നുമല്ല താമസിക്കുന്നത്. കരഞ്ഞു വിളിച്ചാല്‍ പിച്ചിപ്പറിച്ച് ചവിട്ടിയുരുട്ടി മൂലേലെറിയും. ഞാന്‍ മിണ്ടാതായി. പിന്നെപ്പിന്നെ ആശ വിട്ടു. ആകെ മരവിച്ചു. ഗുളിക ഞാന്‍ ചോദിച്ചു വാങ്ങിച്ചു തിന്നു തുടങ്ങി. മയങ്ങിയിരിക്കാമല്ലോ. ആരു വന്നാലെന്ത്? എന്തു ചെയ്താലെന്ത്? പോയി തൊലയട്ടെ!”

ഈ വാക്കുകള്‍ ഏതെങ്കിലും നാടകത്തിലെയോ സിനിമയിലെയോ നോവലിലെയോ ചെറുകഥയിലെയോ അല്ല. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ വാക്കുകളാണ്. അവള്‍ക്കിപ്പോഴും പേരില്ല. സ്വന്തം നാടുവിട്ട് അവളും കുടുംബവും പൊതുസമൂഹത്തില്‍ നിന്നും പരമാവധി ഒഴിഞ്ഞുമാറി മറ്റൊരിടത്ത് ജീവിക്കുന്നു.പലതരം ബുദ്ധിമുട്ടുകള്‍ ഇപ്പോഴും നേരിടുന്നു. തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരിക്കേറ്റിരുന്നുവെന്ന്, അന്ന് പെണ്‍കുട്ടിയെ സഹായിച്ചിരുന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട വൈദ്യപരിശോധനാറിപ്പോര്‍ട്ടില്‍ അവളനുഭവിച്ച പീഡനങ്ങളുടെ വ്യക്തമായ സാക്ഷ്യപ്പെടുത്തലുകളുണ്ട്. പെണ്‍കുട്ടിയെ കുമളിയില്‍ നിന്നും തേനിയിലേക്ക് കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവര്‍ നല്‍കിയ മൊഴി പ്രകാരം വഴിയിലെ കുഴികളിലൂടെ ജീപ്പോടുമ്പോള്‍ വേദന സഹിക്കാനാവാതെ അലറിക്കരയുന്ന അവസ്ഥയിലായിരുന്നു ആ പെണ്‍കുട്ടി.40 ദിവസത്തിനകം 37 പേരാല്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ( അതില്‍ അമ്പതോളം പ്രാവശ്യം കൂട്ടബലാല്‍സംഗമായിരുന്നുവെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.) ആ ഒന്‍പതാംക്ലാസുകാരിയോട് കോടതി ചോദിച്ച ഒരു ചോദ്യമുണ്ട്.’രക്ഷപ്പെടാന്‍ ശ്രമിക്കാമായിരുന്നില്ലേ?’ എന്ന്. ആ പെണ്‍കുട്ടിയെ ‘ബാലവേശ്യ ‘ എന്ന് വിശേഷിപ്പിച്ച നിയമജ്ഞരും നമുക്കുണ്ട്.

നിരക്ഷരയും ദരിദ്രയുമായ വിതുരയിലെ പെണ്‍കുട്ടിയെ പെണ്‍വാണിഭക്കാരുടെ കയ്യിലെത്തിച്ച കേസിന്റെ വിചാരണാവേളയിലും ബഹുമാനപ്പെട്ട കോടതി അവളോട് ചോദിച്ച ചോദ്യം ‘രക്ഷപ്പെട്ടുകൂടായിരുന്നോ ?’ എന്നാണ്. ‘ വാതില്‍ക്കല്‍ ആ ദുഷ്ടന്മാര്‍ കാവലുണ്ടാകും. കരഞ്ഞു ബഹളമുണ്ടാക്കുമ്പോള്‍ അവര്‍ മുഖമടച്ചടിക്കും. വയറ്റത്ത് തൊഴിക്കും. കഴുത്തില്‍ പിടിച്ചു മുറുക്കി കണ്ണു തള്ളിക്കും. മിണ്ടാതവിടെ കിടന്നില്ലെങ്കില്‍ വെട്ടിനുറുക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തും.മൂന്നാലു ഗുളിക വായിലിട്ട് വെള്ളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും. കുറച്ചു കഴിയുമ്പോ ഞാന്‍ ചത്ത പോലെ കിടക്കും”

ഇതൊക്കെയാണ് ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണവസ്ഥകള്‍.. ‘അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ മാധവന്‍കുട്ടീ” എന്നു പറഞ്ഞ കാമഭ്രാന്തനായ മദ്യപാനിക്ക് ‘പെങ്ങളെ ‘കെട്ടിച്ചു കൊടുത്ത ഹിറ്റ്‌ലറാങ്ങളയ്ക്ക് കയ്യടിക്കാന്‍ അത്തരം അവസ്ഥകളിലൂടെ കടന്നുപോന്ന ഒരു പെണ്‍കുട്ടിക്കാകണമെന്നില്ല.നിര്‍ബന്ധിത ലൈംഗിക പീഡനത്തിനിരയാക്കപ്പെടുന്ന പലരും ബുദ്ധിമാന്ദ്യം സംഭവിച്ചവരെപ്പോലെ മൂകരായിപ്പോകുമെന്ന് മന:ശാസ്ത്രം പറയുന്നു. ആ മൂകതയും നിസ്സംഗതയും അനുസരണയും കണ്ട് അവരതാസ്വദിക്കുകയാണെന്നോ അംഗീകരിക്കുകയാണെന്നോ തെറ്റിദ്ധരിക്കരുത്. അവസ്ഥകളോട് ഗതികേടുകൊണ്ട് പൊരുത്തപ്പെടുന്ന മനുഷ്യരെ പരിഹസിക്കരുത്. ആഴത്തില്‍ മുറിവേറ്റ,പേടിച്ചരണ്ട ഇരയുടെ നിശ്ശബ്ദമായ വഴങ്ങിക്കൊടുക്കല്‍ മാത്രമാണത്.

‘ Rape is not a joke ‘ എന്നത് ആവര്‍ത്തിച്ചു പറയേണ്ടി വരുന്നത് ഇത്തരം മനുഷ്യരെ പലരെയും നേരിട്ടറിയാവുന്നതുകൊണ്ടുതന്നെയാണ്. ബലാത്സംഗം കേവലമൊരു ശാരീരികാക്രമണമല്ല. സിനിമയില്‍ കാണിക്കുന്നതു പോലെ ഒരു കൈകാല്‍പ്പിടച്ചില്‍ പോലെയോ വിശുദ്ധിസങ്കല്‍പ്പവുമായി ചേര്‍ത്തുവെച്ചോ അല്ല അതിനെ വായിക്കേണ്ടത്. ആത്മാവില്‍ ആജീവനാന്തമുറിവുകള്‍ പേറി നടക്കുന്ന മനുഷ്യരുടെ ഗതികേടിനെ ഒരു തമാശയിലും കൊണ്ടുചെന്നു കെട്ടരുത്.

”fate is like rape,if you can’t resist it then try to enjoy it !” എന്ന വാക്കുകള്‍ ആരു പറഞ്ഞാലും ഇനിയും എതിര്‍ക്കും.(പോസ്റ്റിട്ട വ്യക്തി പ്രസ്തുത പോസ്റ്റ് ഒഴിവാക്കിയതുകൊണ്ട് ഞാനും പോസ്റ്റ് കളഞ്ഞിട്ടുണ്ട്. അത് ആ വാചകത്തോടുള്ള ഐക്യപ്പെടലല്ല)

ചായ കുടിക്കലിന്റെ ലാഘവമായി ബലാത്സംഗത്തെ കണ്ട് പീഡനത്തിന്റെ തീവ്രതയളക്കാന്‍ പോകുന്നവരുടെ അരാഷ്ട്രീയത രാഷ്ട്രീയാതീതമായിത്തന്നെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയജാഗ്രതയുള്ള ഓരോ മനുഷ്യനും കഴിയണം.അതിനെ ന്യായവൈകല്യങ്ങള്‍ കൊണ്ട് ന്യായീകരിച്ച് മെഴുകരുത്.

രണ്ടുതരം ന്യായവൈകല്യങ്ങള്‍ പരിചയപ്പെടുത്തുന്നു.

1. Ad hominem (”To the person’)

ഒരാള്‍ ഒരു വാദം മുന്നോട്ടു വയ്ക്കുമ്പോള്‍ ആ വാദത്തെ തിരുത്താനോ ഖണ്ഡിക്കാനോ കഴിയാതെ ആ വാദം മുന്നോട്ടു വച്ച ആളുടെ സ്വഭാവത്തെയോ പാരമ്പര്യത്തെയോ മറ്റു സാഹചര്യങ്ങളെയോ പരാമര്‍ശിച്ച് ആക്രമിക്കുന്ന സംവാദ ശൈലിയാണ് ad hominem.

2. Tu Quoque (”you as well’)

ഒരു ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ അതിനെ യുക്തിപരമായി നിഷേധിക്കുന്നതിന് പകരം എതിരാളിയും അങ്ങനെ ചെയ്തു, അതിനാല്‍ ആരോപണം നിലനില്‍ക്കുന്നില്ല എന്ന വാദം.

രണ്ടിനും ഉദാഹരണങ്ങള്‍ക്ക് വേറെങ്ങോട്ടും പോകണ്ട.ഈ പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ നോക്കിയാല്‍ മതി.