36.8 C
Kottayam
Tuesday, April 16, 2024

ആരാണ് റാണു മണ്ഡല്‍? നമ്മള്‍ കേട്ടതെല്ലാം ശരിയാണോ? കൂടുതല്‍ അറിയാം…

Must read

പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലിരുന്നുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 21 ന് ലതാ മങ്കേഷ്‌കര്‍ ആലപിച്ച ‘ ഏക് പ്യാര്‍ ക നഗ്മാ ഹേ ‘ എന്ന ഗാനംഅതിമനോഹരമായി പാടി സമൂഹമാദ്ധ്യ മങ്ങളില്‍ തരംഗമായി മാറിയ, മുഷിഞ്ഞവേഷവും പാറിപ്പറന്ന മുടികളുമുള്ള വൃത്തിഹീനയായ റാണു മണ്ഡല്‍ എന്ന വനിത ചുരുങ്ങിയ നാളുകള്‍കൊണ്ട് ബോളിവുഡില്‍ സെന്‍സേഷനായി മാറിയിരിക്കുന്നു. വിസ്മയമുണര്‍ത്തുന്ന അവരുടെ ജീവിതകഥ അവിശ്വസനീയവും അതോടൊപ്പം അത്ഭുതാവഹവുമാണ്.

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തിനായി സംഗീത സംവിധായകന്‍ ഹിമേഷ് രേഷമിയ അവരെക്കൊണ്ട് ‘ തേരേ മേരേ കഹാനി ‘ എന്ന പാട്ട് കഴിഞ്ഞയാഴ്ച റിക്കാര്‍ഡ് ചെയ്യിക്കുകയുണ്ടായി. അതിനു പ്രതിഫലമായി 7 ലക്ഷം രൂപയാണ് അവര്‍ക്കു ലഭിച്ചത്. ഇതുകൂടാതെ സല്‍മാന്‍ ഖാനും സുഹൃത്തും കൂടി 50 ലക്ഷം രൂപ വിലയുള്ള ഒരു ഫ്‌ലാറ്റ് അവര്‍ക്കു മുംബയില്‍ വാങ്ങിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അനേകം റിയാലിറ്റി ഷോകളില്‍ അതിഥിയായി അവര്‍ ക്ഷണിക്കപ്പെട്ടുകഴിഞ്ഞു. കൂടാതെ നിരവധി സ്റ്റേജ് ഷോകള്‍ക്കും അവര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നു. ബംഗാള്‍ ,ഹിന്ദി,തമിഴ് സിനിമകളില്‍ നിന്നും പാടാനുള്ള ഒഫറുകള്‍ ഇപ്പോള്‍ റാണു മണ്ഡലിലെ തേടിയെത്തിരിക്കുന്നു. ഒറ്റരാത്രികൊണ്ട് അവരുടെ ജീവിതം ഒരു ഹോളിവുഡ് സിനിമപോലെ മാറിമറിയുകയായിരുന്നു.

നമുക്കവരുടെ ജീവിതകഥയിലേക്കു കടക്കാം.

1960 നവംബര്‍ 5 നു പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുള്ള കൃഷ്ണനഗറിനടുത്തുള്ള കാര്‍ത്തിക് പാഡാ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ ദരിദ്രകുടുംബത്തിലാണ് റാണു ജനിച്ചത്. പിതാവിന് സൈക്കിളില്‍ വീടുവീടാന്തരം കൊണ്ടുപോയി തുണി വില്‍ക്കുന്ന തൊഴിലായിരുന്നു.റാണു അധികം പഠിച്ചില്ല. ചെറു പ്രായത്തില്‍ത്തന്നെ ആദ്യം മാതാവും പിന്നീട് പിതാവും അവര്‍ക്കു നഷ്ടപ്പെട്ടു. ബന്ധുക്കളുടെ സംരക്ഷണയില്‍ വളര്‍ന്ന റാണു വിന്റെ ഭാരം ഒഴിവാക്കാനായി അവരെ 13 മത്തെ വയസ്സില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള ബാബു മണ്ഡലിനു വിവാഹം ചെയ്തുകൊടുത്തു. അതില്‍ ഒരു മകളുണ്ടായി. ബാബു മണ്ഡല്‍ ഭാര്യയേയും മകളെയും ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു. ജോലിക്കു പോകാതെ മദ്യപാനമായിരുന്നു അയാളുടെ സ്ഥിരം പരിപാടി.

ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ജന്മസിദ്ധമായി തനിക്കുലഭിച്ച പാടാനുള്ള സിദ്ധി റാണു ഉപയോഗപ്പെടുത്തി. സമീപത്തുള്ള ക്ലബ്ബില്‍ പാട്ടുപാടാന്‍ സ്ഥിരമായിപ്പോയി. അതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ന്നത്. പക്ഷേ അതുമൂലം ആ കുടുംബബന്ധം തകര്‍ന്നു. ക്ലബ്ബില്‍ പാട്ടും അഴിഞ്ഞാട്ടവുമായി നടക്കുന്ന വളെ തനിക്കാവശ്യമില്ലെന്നു പറഞ്ഞു ഭര്‍ത്താവ് ബന്ധമുപേക്ഷിച്ചുപോയി.

പിന്നീട് ക്ലബ്ബില്‍വച്ചു പരിചയപ്പെട്ട മുംബയില്‍ ഷെഫായി ജോലിചെയ്യുന്ന ബബുലു മണ്ഡലുമായി റാണു അടുത്തു. അദ്ദേഹത്തെ വിവാഹം കഴിച് 2000 മാണ്ടില്‍ അവര്‍ മുംബൈക്ക് പോയി. അവിടെ ചിലസിനിമാ ക്കാരുടെ വീടുകളില്‍ അവര്‍ ജോലിക്കു നിന്നു .പാചകവും കുട്ടികളെ നോക്കുന്നതുമായിരുന്നു ജോലികള്‍.

ഭര്‍ത്താവുമൊത്ത് സുഖജീവിതമായിരുന്നു അവിടെ. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ടായി.ഒരാണും ഒരു പെണ്ണും. ( അവരിപ്പോള്‍ റാണുവിന്റെ ഒരകന്ന ബന്ധുവീട്ടിലാണുള്ളത്.) 2004 ല്‍ ഭര്‍ത്താവ് ബബ്ലു വിന്റെ ആകസ്മിക മരണമേല്പിച്ച ആഘാതം അവരെ ആകെത്തളര്‍ത്തിക്കളഞ്ഞു. മൂന്നു മക്കളുമായി എന്തുചെയ്യും എങ്ങോട്ടുപോകും എന്നൊരു ലക്ഷ്യവുമില്ലാതെ അവര്‍ ഒടുവില്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങി. ബന്ധുക്കളെല്ലാം പൂര്‍ണ്ണമായി അവരെ കൈവിട്ടു.

കുട്ടികളുമായി ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ പട്ടിണിയില്‍ക്കഴിഞ്ഞ അവര്‍ക്ക് മാനസികരോഗം ( Nurological Disorder ) പിടിപെട്ടു. പലപ്പോഴും ഒരു ഭ്രാന്തിയെപ്പോലെ പെരുമാറാന്‍ തുടങ്ങി.വീടുവിട്ടുപോകുകയും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡ് കളിലും ലോക്കല്‍ ട്രെയിനുകളിലും പാട്ടുപാടി ഭിക്ഷ യാചിക്കാനും തുടങ്ങി.

റാണുവിന്റെ ഈ അവസ്ഥകണ്ട് നാട്ടുകാരിടപെട്ടു ഇളയകുട്ടികളെ അവരുടെ അച്ഛന്റെ ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു. അപ്പോഴും മൂത്തമകള്‍ സ്വാതി കൂടെയായിരുന്നു. റാണുവിന്റെ ജീവിതരീതികള്‍ മകള്‍ക്കിഷ്ടമായിരുന്നില്ല.

തെരുവുകളിലും റെയില്‍വേസ്റ്റേഷനുകളിലും പാട്ടുപാടി ഭിക്ഷയെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിട്ടു. പലപ്പോഴും മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന റാണു മകളെ ഉപദ്രവിക്കുന്നതും പതിവായി. ഒടുവില്‍ 10 കൊല്ലം മുന്‍പ് മകള്‍ അമ്മയെ ഉപേക്ഷിച്ചുപോയി.

തൊട്ടടുത്ത ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് മകള്‍ സ്വാതി വിവാഹം കഴിച്ചത്. അതില്‍ ഒരു കുട്ടിയുണ്ട്. മകളുടെ ആ ബന്ധവും തകര്‍ന്നു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന സ്വാതി ഒരു ചെറിയ സ്റ്റേഷനറിക്കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. അമ്മ റാണു റെയില്‍വേസ്റ്റേഷനുകളിലും ട്രെയിനുകളിലും പാട്ടുപാടി ഒരു ഭ്രാന്തിയെപ്പോലെ ജീവിക്കുന്നത് അവരറിയുന്നുണ്ടായിരുന്നു. ആളുകള്‍ നല്‍കുന്ന നാണയത്തുട്ടുകളും ,ആഹാരസാധനങ്ങളുമായിരുന്നുറാണു വിന്റെ ജീവനോപാധി.

2019 ജൂലൈ 21 ന് റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അതീന്ദ്ര ചക്രവര്‍ത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്‌റേഷനിലെത്തിയപ്പോള്‍ അന്ന് യാദൃശ്ചികമായാണ് റാണു , ലതാജിയുടെ

ഏക് പ്യാര്‍ ക നഗ്മാ ഹേ എന്ന ഗാനം ആലപിക്കുന്നത് കാണുന്നത്. ഉടന്‍തന്നെ അദ്ദേഹമത് മൊബൈലില്‍ പ്പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു…

ആ വീഡിയോ ഞൊടിയിടയില്‍ വൈറലായി. ലക്ഷക്കണക്കിനാള്‍ക്കാര്‍ കാണുകയും ഷെയര്‍ ചെയ്യുകയും സംഭവം ബോളിവുഡില്‍വരെയെത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കില്‍നിന്നും അന്വേഷ ണങ്ങള്‍ വന്നു. ഒടുവില്‍ മുംബയില്‍നിന്നുള്ള ഒരു റിയാലിറ്റി ഷോയുടെ അതിഥിയാകാനായുള്ള ക്ഷണം സംഗീതജ്ഞന്‍ ഹിമേഷ് രേഷാമിയ യില്‍ നിന്ന് അതീന്ദ്ര ചക്രവര്‍ത്തിമുഖേന റാണു മണ്ഡലിനെത്തേടി യെത്തി.

സ്വന്തമായി ഒരു ഐ.ഡി പ്രൂഫോ മേല്‍വിലാസമോ ഇല്ലാതിരുന്ന റാണു വിന് അതും തരപ്പെടുത്തിക്കൊടുത്തു നല്ല വസ്ത്രവും ധരിപ്പിച്ചു വിമാനത്തില്‍ മുംബൈക്ക് കൊണ്ടുപോയത് അതീന്ദ്രയായിരുന്നു. റാണു മണ്ഡലിന്റെ ആദ്യവിമാനയാത്രപോലെത്തന്നെ ജീവിതവും ഒറ്റദിവസം കൊണ്ട് അങ്ങനെ മാറിമറിഞ്ഞു.

മുംബൈയില്‍ ചാനലുകാര്‍ ഒരു സലൂണില്‍ റാണു മണ്ഡലിന്റെ മേക്കോവര്‍ നടത്തി രൂപവും ഭാവവും അപ്പാടെ മാറ്റി വിലകൂടിയ സാരിയിലും മേക്കപ്പിലും റാണു ഒരു സെലിബ്രിറ്റിയായി മാറി. അന്ന് റിയാലിറ്റി ഷോയില്‍ റാണു വീണ്ടും താന്‍ റെയില്‍വേ സ്റ്റേഷനില്‍പ്പാടിയ ലതാജിയുടെ ഗാനം ‘ഏക് പ്യാര്‍ ക നഗ്മ ഹേ പാടിയ ഉടന്‍ ഹിമേഷ് രേഷാമിയ , സല്‍മാന്‍ഖാന്റെ ചിത്രത്തിലെ തന്റെ അടുത്ത ഗാനം അവര്‍ക്ക് ഓഫര്‍ ചെയ്യുകയായിരുന്നു. റാണുവിന് വൈദ്യസഹായം നല്‍കാനും ചാനലുകാര്‍ മറന്നില്ല.

ഹിമേഷ് രേഷാമിയയുടെ സംഗീതത്തില്‍ അവര്‍ ആലപിച്ച തേരേ മേരേ കഹാനി കഴിഞ്ഞദിവസം റിക്കാര്‍ഡ് ചെയ്യുകയുണ്ടായി. അതിന്റെ റിക്കാര്ഡിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ഹിമേഷ് ഇങ്ങനെ കുറിച്ചു ‘ ഇതാ ഇന്ത്യന്‍ സിനിമയിലെ ജൂനിയര്‍ ലതാ മങ്കേഷ്‌കര്‍.’ ഓര്‍ക്കുക ഇന്നലെവരെ തെരുവില്‍ ഒരു ഭ്രാന്തിയെപ്പോലെ അനാഥയായി യാചിച്ചുനടന്ന ഒരു സ്ത്രീക്ക് കിട്ടിയ ബഹുമതി.

ഇന്ന് റാണുമണ്ഡല്‍ വളരെ ഉയരെയാണ്. കേവലം രണ്ടുമാസം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രശസ്തി യുടെ ഉയരങ്ങളില്‍ അവരെത്തപ്പെട്ടിരിക്കുന്നു.കൈനിറയെ പാട്ടുകളും പ്രോഗ്രാമുകളും മുംബൈയില്‍ സ്വന്തമായി വീടും ബാങ്ക് ബാലന്‍സും.

‘അമ്മ പ്രശസ്തിയുടെ കൊടുമുടികള്‍ കയറിയപ്പോള്‍ 10 കൊല്ലത്തിനുശേഷം മകള്‍ സ്വാതി അമ്മയ്ക്കരുകില്‍ ഓടിയെത്തി. മകള്‍ സ്വാര്‍ത്ഥയെന്ന് പലരും പഴിച്ചപ്പോഴും റാണുവിന് മകളോടൊരു പിണക്കവുമില്ല. ഇരുകൈയുംനീട്ടി അവളെ സ്വീകരിച്ചുകൊണ്ടവര്‍ പറഞ്ഞു ‘യേ മേരീ പ്യാരി ബേട്ടി ഹേ’ (ഇവളെന്റെ പ്രിയപ്പെട്ട മകളാണ്)

ഇന്ന് റാണു മണ്ഡലിന്റെ വീട്ടില്‍ ആളുകളുടെ തിരക്കാണ്. പോയകന്ന 59 വര്‍ഷത്തെ വേദനകളും ഒറ്റപ്പെടലും രോഗങ്ങളും നരകതുല്യമായിരുന്ന ജീവിതവും വിട്ടൊഴിഞ്ഞു മുംബൈയിലെ തന്റെ സ്വന്തം ഫ്ളാറ്റിലിരുന്നു റാണു മണ്ഡല്‍ മകള്‍ക്കൊപ്പം തിരക്കുകളിലും പുതിയൊരു ലോകം പടുത്തുയര്‍ത്തുകയാണ്…

കടപ്പാട് കാലിക്കുപ്പി മീഡിയ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week