തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ 38,586 ഇരട്ടവോട്ടുകള്‍ മാത്രമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തല്‍ അത്ഭുതകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലു ലക്ഷം ഇരട്ടവോട്ടുകളുടെ വിവരങ്ങള്‍ വ്യാഴാഴ്ച പുറത്തുവിടുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ ധാരണാപത്രം റദ്ദാക്കി സര്‍ക്കാര്‍ ഇതുവരെ ഉത്തരവ് പുറത്തിറക്കിയിട്ടില്ല. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ നീക്കം. ക്ഷേമ പെന്‍ഷനുകള്‍ പിണറായി വിജയന്റെ വീട്ടില്‍ നിന്ന് നല്‍കുന്നതല്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.
അതേസമയം ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വോട്ടര്‍ പട്ടികയില്‍ 4.34 ലക്ഷം ക്രമരഹിത വോട്ടര്‍മാരുണ്ടെന്നും, സിപിഐഎം ചായ്വുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
ഇരട്ട വോട്ട് മരവിപ്പിക്കുകയും ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് മുപ്പത്തി എട്ടായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയാറ് ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നും ഇരട്ട വോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം വരുത്താനാകില്ലെന്നും കമ്മീഷന്‍കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ മുഴുവന്‍ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നുമായി തിങ്കളാഴ്ച വരെ സമര്‍പ്പിച്ച 3,16, 671 വോട്ടുകള്‍ പരിശോധിച്ചെന്നും ഇതില്‍ 38586 എണ്ണത്തില്‍ മാത്രമാണ് ഇരട്ടിപ്പ് കണ്ടെത്തിയതെന്നും കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഒരാള്‍ ഒന്നിലധികം വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും കമ്മിഷന്‍ അറിയിച്ചു. ചുമതലപ്പെട്ട ബൂത്ത് ഓഫീസര്‍മാര്‍ വോട്ടുകള്‍ നേരിട്ട് പരിശോധിച്ച് പട്ടിക തയ്യാറാക്കും. ഈ പട്ടിക വോട്ടര്‍ പട്ടികക്കൊപ്പം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ഒന്നിലധികം വോട്ട് ചെയ്യാന്‍ ആരെങ്കിലും എത്തിയാല്‍ സാമഗ്രികള്‍ പിടിച്ചെടുക്കുമെന്നും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. കേസില്‍ ചീഫ് ജസ്റ്റിസ് എസ്. മണി കുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബഞ്ച് ഇന്ന് വിധി പറയും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകീട്ട് ഏഴിന് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. നക്സല്‍ ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറ് വരെയായിരിക്കും പ്രചാരണം. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്.