തിരുവനന്തപുരം: ബിജെപിക്കാരനായി തന്നെ ചിത്രീകരിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും കൂടെനിന്നെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റായി കെ. സുധാകരന്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
തന്നെ സിപിഎം ബിജെപിക്കാരനെന്ന് വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതിരോധമുണ്ടായില്ല. എതിരാളികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇക്കാര്യം സുധാകരന്‍ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. സുധാകരന്‍ ബിജെപിക്കാരനാണെന്നും, ബിജെപിയുടെ വാലാണെന്നും സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.
ഇതിനെതിരെ താന്‍ പ്രസ്താവന നടത്തി. തനിക്കെതിരെ സിപിഎം ഇത്തരം പ്രസ്താവന നടത്തിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ആരും പ്രതികരിക്കാതിരുന്നതിന്റെ വേദന അറിയാവുന്നതുകൊണ്ടാണ് താന്‍ പ്രതികരിച്ചത്. അതായിരിക്കണം നമ്മുടെ വികാരം. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്ന് ഓര്‍ക്കണം.
നമ്മെ പരാജയപ്പെടുത്താന്‍ നമുക്ക് മാത്രമേ കഴിയൂ. നമുക്കെതിരെ എതിരാളികള്‍ ആയുധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ആ പക്ഷത്തുചേര്‍ന്നുകൊണ്ട് നമ്മുടെ ആളുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മള്‍ നിസഹായരായിപോകുന്നത്, തളര്‍ന്നു പോകുന്നത് എന്ന് ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതു സര്‍ക്കാരിന്റെ നിരവധി അഴിമതികളാണ് യുഡിഎഫ് പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ കൊള്ളയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിണറായി വിജയന്‍ അറിയാതെ, കാനം രാജേന്ദ്രന്‍ അറിയാതെ കോടികളുടെ ഈ വനം കൊള്ള നടക്കുമോ എന്ന് ചെന്നിത്തല ചോദിച്ചു.