ന്യൂഡല്‍ഹി: രാമായണവും, മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാന്‍ എന്‍സിആര്‍ടി വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തിന്റെ ഭാഗമായിട്ടാണ് രാമായണവും ഉള്‍പ്പെടുത്തുക. അയോധ്യ പ്രക്ഷോഭവും ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ഭരണഘടനയുടെ ആമുഖ ക്ലാസുകളിലെ ചുവരുകളില്‍ പതിപ്പിക്കണമെന്നും എന്‍സിആര്‍ടി കമ്മിറ്റിയുടെ അധ്യക്ഷന്‍ സിഐ ഐസക് നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഏഴംഗ കമ്മിറ്റിയെ കേന്ദ്രം നിയമിച്ചത്. സാമൂഹ്യ പഠനത്തിലെ അന്തിമ തീരുമാനത്തിലെത്തുമ്പോള്‍ നിരവധി നിര്‍ദേശങ്ങളാണ് കമ്മിറ്റി നല്‍കിയിരിക്കുന്നത്. എന്‍സിആര്‍ടി പാഠപുസ്തകങ്ങള്‍ക്ക് ആധാരമായി ഇവ മാറുമെന്നാണ് സൂചന. നേരത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള ശുപാര്‍ശ വിവാദമായിരുന്നു. കേരളം അടക്കം ഇതിനെ എതിര്‍ത്തിരുന്നു.
ഏഴംഗ കമ്മിറ്റിയുടെ നിര്‍ദേശം 19 അംഗ ദേശീയ സിലബസ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയല്‍ കമ്മിറ്റി പരിഗണിക്കും. അതിന് ശേഷമാണ് പാഠ്യപദ്ധതി തീരുമാനിക്കുക. എന്‍എസ്ടിസി അടുത്തിടെ സാമൂഹ്യ ശാസ്ത്രത്തിനായി കരിക്കുലര്‍ ഏരിയ ഗ്രൂപ്പ്(സിഎജി) രൂപീകരിച്ചിരുന്നു. 7 മുതല്‍ 12ാം ക്ലാസ് വരെയുള്ളവര്‍ രാമായണവും മഹാഭാരതവും പഠിക്കേണ്ടത് ആവശ്യകതയാണെന്ന് ഐസക് പറയുന്നു.
സാമൂഹ്യ പാഠത്തിലാണ് ഉള്‍പ്പെടുത്തുക. ചെറുപ്രായത്തിലേ കുട്ടിക്കളില്‍ രാജ്യസ്‌നേഹവും, ആത്മാഭിമാനവും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വര്‍ഷത്തില്‍ രാജ്യം വിട്ട് പോകുന്നത്. ഇവര്‍ മറ്റ് രാജ്യങ്ങളില്‍ പൗരത്വം നേടുകയാണ്. രാജ്യസ്‌നേഹത്തിന്റെ കുറവ് അവരില്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
അതുകൊണ്ട് രാമായണവും മഹാഭാരതവും പോലുള്ള അറിഞ്ഞാല്‍ മാത്രമേ നമ്മള്‍ എന്താണെന്നും, രാജ്യത്തോടുള്ളതും, സംസ്‌കാരത്തോടുമുള്ളതുമായ സ്‌നേഹവും ഉണ്ടാവൂ എന്നും ഐസക് പറഞ്ഞു. ചിലയിടങ്ങളില്‍ രാമായണം വിദ്യാര്‍ത്ഥികളില്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരു മിത്തായിട്ടാണ് അതിനെ പഠിപ്പിക്കുന്നത്. എന്താണ് മിത്ത്. ഇതെല്ലാം കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ സമ്പ്രായം കൊണ്ട് കാര്യമില്ല. അതൊരിക്കലും രാജ്യത്തെ സേവിക്കലാവില്ലെന്നും ഐസക് വ്യക്തമാക്കി.