ദോഹ: ഖത്തറില്‍ റമദാന്റെ ഭാഗമായി പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം ലഭിക്കുന്നത്. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണിത്. എന്നാല്‍ എത്ര തടവുകാര്‍ക്കാണ് പൊതുമാപ്പ് നല്‍കിയതെന്ന് പുറത്തുവിട്ടിട്ടില്ല.
റമദാനോട് അനുബന്ധിച്ച് യുഎഇയില്‍ ആകെ 2,592 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടത്.
ദുബൈ, ഷാർജ, അജ്മാൻ,റാസൽഖൈമ ഭരണാധികാരികളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈയില്‍ 691 തടവുകാരെ മോചിപ്പിക്കാനാണ് യുഎ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടത്. വിവിധ രാജ്യക്കാരാണ് മോചിതരാകുന്നത്.
ഷാർജയിൽ 484 തടവുകാര്‍ക്ക് മോചനം നല്കാന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ജയിലിൽ നല്ലനടപ്പിന്റെ അടിസ്ഥാനത്തിലാണ് മോചനം. അജ്മാനിൽ 314 തടവുകാർക്കാണ് സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി മോചനം നൽകുന്നത്.
368 പേർക്കാണ് റാസൽ ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി മോചനം നൽകിയത്. തടവുകാർക്ക് പുതിയ ജീവിതം നയിക്കാനുള്ള അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഭരണാധികാരികൾ റമദാനിൽ തടവുകാര്‍ക്ക് മാപ്പ് നല്‍കാറുള്ളത്.