വാക്‌സിനെടുത്താല്‍ 50,000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍! പ്രഖ്യാപനവുമായി രാജ്കോട്ട് നഗരസഭ
ഗാന്ധിനഗര്‍: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി ഗുജറാത്തിലെ രാജ്കോട്ട് നഗരസഭ. മെഗാ വാക്‌സിനേഷന്‍ പ്രോഗ്രാമാണ് രാജ്കോട്ട് നഗരസഭ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 4 നും 10 നും ഇടയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നവരില്‍ നിന്നും നറുക്കെടുത്ത് ഒരാള്‍ക്ക് 50,000 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നല്‍കാന്‍ പൗരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനാണ് നീക്കം.
മുന്‍സിപ്പല്‍ കമ്മീഷണര്‍ അമിത് അറോറയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൂടാതെ, കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന ആരോഗ്യ കേന്ദ്രത്തിന് നഗരസഭ 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്കോട്ടില്‍ ഇനി 1.82 ലക്ഷം പേര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുണ്ട്.
പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് നഗരത്തിലെ 22 ആരോഗ്യ കേന്ദ്രങ്ങള്‍ 12 മണിക്കൂര്‍ (രാവിലെ 9 മുതല്‍ രാത്രി 9 വരെ) പ്രവര്‍ത്തിക്കും. അടുത്തിടെ ഗുജറാത്തിലെ മറ്റൊരു നഗരവും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നല്‍കുമെന്നായിരുന്നു അഹമ്മദാബാദ് നഗരസഭയുടെ പ്രഖ്യാപനം.
ഡിസംബര്‍ 1 നും 7 നും ഇടയില്‍ കൊവിഡ് വാക്സിന്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്കാണ് സമ്മാനം കിട്ടുകയെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേസമയം, ശനിയാഴ്ച ഗുജറാത്തില്‍ ഒമിക്രോണ്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. സിംബാബ്വെയില്‍ നിന്ന് സംസ്ഥാനത്തെത്തിയ 72 കാരനായ ഒരാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.