‘പരുന്ത്’ പരാമര്‍ശം ലക്ഷ്യം വെച്ചത് വിജയ്‌നെയോ;തുറന്ന് പറഞ്ഞ് രജനീകാന്ത്
ചെന്നൈ: ജയിലർ ഓഡിയോ ലോഞ്ചിലെ പരുന്ത് പരാമർശത്തിൽ വിശദീകരണവുമായി രജനീകാന്ത്. പരാമർശം വിജയിയെ ഉദേശിച്ചല്ല നടത്തിയതെന്നും വിജയിയുമായി മത്സരത്തിലെന്ന പ്രചാരണം വേദനിപ്പിക്കുന്നുവെന്നും രജനീകാന്ത് പറഞ്ഞു. വിജയ് ഇന്ന് വലിയ താരമായി വളർന്നു കഴിഞ്ഞു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നാണ് പറയുന്നത്.
താൻ എന്നും വിജയിയുടെ അഭ്യുദയകാംക്ഷി ആണെന്നും രജനീകാന്ത് വിശദമാക്കി. ആരാധകർ ഇത്തരം വിഷയങ്ങൾ ഇനി ഉയർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ലാൽസലാം’ സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു രജനീകാന്തിന്റെ വിശദീകരണം.
‘പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല.
ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം’ – എന്നായിരുന്നു രജനീകാന്തിന്റെ വാക്കുകൾ.
ഇതിന് പിന്നാലെ തന്‍റെ സൂപ്പര്‍താര പദവിയിലേക്ക് പലരും വിജയിയെ ഉയര്‍ത്തി കാട്ടുന്നതിനെതിരെയാണ് രജനി പ്രതികരിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം ഉണ്ടായത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ രജനി വിജയ് ഫാന്‍സ് ഏറ്റുമുട്ടല്‍ നടന്നിരുന്നു.