ജയ്പൂര്‍: ഉറങ്ങിയാല്‍ പിന്നെ എഴുന്നേല്ക്കുക 25 ദിവസം കഴിഞ്ഞ്. വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം തന്നെ. രാജസ്ഥാനില്‍ ജോധ്പൂരിനടുത്ത് നഗൗര്‍ എന്ന സ്ഥലത്തെ 42കാരനായ പുര്‍ഖരം സിങ് എന്നയാളുടെ രീതി ഇങ്ങനെയാണ്.
ആളൊരു കുഴിമടിയനൊന്നുമല്ല, ആക്സിസ് ഹൈപര്‍സോംനിയ എന്ന അപൂര്‍വ അസുഖമാണ് ഇദ്ദേഹത്തിന്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉറക്കത്തിനിടെ തന്നെ ഇദ്ദേഹത്തിന് ഭക്ഷണം നല്‍കുമെന്ന് വീട്ടുകാര്‍ പറയുന്നു. എന്നെങ്കിലും ഈ അസുഖം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പലചരക്കുകട ഉടമയായിരുന്നു പുര്‍ഖരം സിങ്. ഉറക്കക്കൂടുതല്‍ കാരണം കട തുറക്കാന്‍ പറ്റാതായി. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ‘ആക്സിസ് ഹൈപര്‍സോംനിയ’ എന്ന അപൂര്‍വ അസുഖമാണെന്ന് കണ്ടെത്തിയത്.
2015 ന് ശേഷമാണ് അസുഖം വര്‍ധിച്ചത്. അതുവരെ തുടര്‍ച്ചയായി 18 മണിക്കൂറൊക്കെയായിരുന്നു ഉറങ്ങിയത്. പിന്നീട് ദിവസങ്ങള്‍ നീണ്ടുതുടങ്ങി. വീട്ടുകാര്‍ എത്ര വിളിച്ചാലും പൂര്‍ണമായും ഉണരാതായി. ഇതോടെയാണ് ഉറക്കത്തിനിടെ തന്നെ ഭക്ഷണം കൊടുക്കല്‍ തുടങ്ങിയത്.