ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂട്ടുകെട്ടിന് തെളിവായി വീഡിയോ എപ്പിസോഡുകൾ പുറത്ത് വിട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. വിഷയവുമായി ബന്ധപ്പെട്ട ആദ്യ എപ്പിസോഡ് തിങ്കളാഴ്ച പുറത്തിറക്കി.
2018-ൽ രാജ്യത്തെ പ്രമുഖ ആറു വിമാനത്താവളങ്ങൾ അദാനിക്കു നൽകിയതിനെ ചോദ്യംചെയ്തുകൊണ്ടാണ് ആദ്യ എപ്പിസോഡ് പുറത്തിറക്കിയത്. ഒരു വർഷത്തിനപ്പുറം രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ കരാറുകളും അദാനിക്ക് നൽകിയതായി വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. ‘അദാനി-മോദി മിത്രകാലം’ എന്നു പേരിട്ട് രാഹുൽ നേരിട്ട് ആരോപണമുന്നയിക്കുന്ന വീഡിയോ യുട്യൂബ് ഉൾപ്പെടെയുള്ള നിരവധി സാമൂഹികമാധ്യമങ്ങളിലും പങ്കുവെച്ചു.
ഫെബ്രുവരി എട്ടിന് രാഹുൽ ലോക്സഭയിൽ അവതരിപ്പിച്ച കാര്യങ്ങൾ സൂചിപ്പിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പാർലമെന്റിൽ നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ സത്യം പറഞ്ഞു. ഇന്ത്യയിലെ സമ്പത്ത് എങ്ങനെയാണ് കൊള്ളയടിക്കുന്നതെന്നും പറഞ്ഞു. രാഹുൽ ആമുഖത്തിൽ പറയുന്നു.
ഒരു അനുഭവപാരമ്പര്യവുമില്ലാതെ ഏതു വ്യവസായവും ആരംഭിക്കാമെന്നും രാഹുൽ ആമുഖത്തിൽ വ്യക്തമാക്കി. നവംബർ 2018-ൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തിരുവനന്തപുരം ഉൾപ്പെടെയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ അദാനിക്കു നൽകിയിരുന്നു. മുൻകാല പരിചയമൊന്നുമില്ലാതെയാണിത്.
അഞ്ച് മിനിറ്റാണ് ആദ്യ വീഡിയോയുടെ ദെെർഘ്യം. താൻ വ്യവസായത്തെയല്ല മറിച്ച് കുത്തകയെയാണ് എതിർക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.