ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് 50 വയസ്സ് തികയുന്നതില്‍ ഒരു ആഘോഷവും പാടില്ലെന്ന് സംസ്ഥാന ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് രാഹുലിന്റെ ജന്മദിനം.
കൊവിഡിന്റെ ദുരിതകാലമാണ്.ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം. ഇതിനിടയില്‍ പിറന്നാളാഘോഷത്തിന്റെ പേരില്‍ കേക്കുമുറിക്കലടക്കം ചടങ്ങുകളൊന്നും പാടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഹുലിന്റെ ജന്മദിനത്തോടനുബന്ധിച്ചു ഒരാഴ്ച സേവനവാരം നടത്തുമെന്ന് ചില സംഘടനകൾ അറിയിച്ചതായും വാർത്തകളുണ്ട്.
കെസി വേണുഗോപാലിന്റെ പോസ്റ്റ് ഇങ്ങനെ,
കൊറോണ ദുരന്തത്തിൽ രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ദുരിത ബാധിതരേയും ആലംബഹീനരേയും സഹായിക്കാനും സമൂഹ അടുക്കളകൾ വഴിയും നേരിട്ടും ഭക്ഷണ വിതരണവും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതുമടക്കം അർഹർക്ക് വിവിധ തരത്തിൽ സഹായങ്ങളെത്തിക്കുന്ന എളിയ പരിപാടികൾ സംഘടിപ്പിക്കാൻ നമ്മുടെ പ്രിയങ്കരനായ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുടെ ജന്മദിനമായ നാളെ രാജ്യം മുഴുവൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറെടുക്കുകയാണ്.
എന്നാൽ അതിർത്തിയിൽ ശത്രു രാജ്യത്തിന്റെ കൊടും ക്രൂരതയിൽ ജീവൻ പൊലിഞ്ഞ സൈനീകരോടുള്ള ആദരസൂചകമായും കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ഒരു തരത്തിലുമുള്ള ആഘോഷങ്ങൾ പാടില്ലെന്ന കർശന നിർദ്ദേശം കോൺഗ്രസ് നേതൃത്വം എല്ലാ തലങ്ങളിലുമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയിട്ടുണ്ട്. കേക്ക് മുറിക്കുകയോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയോ മുദ്രാവാക്യങ്ങൾ മുഴക്കുകയോ തുടങ്ങി ഒരു തരത്തിലുമുള്ള ആഘോഷങ്ങളും ഉണ്ടാകരുതെന്ന നിർദ്ദേശം നിർബന്ധമായും പാലിക്കുവാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരും ബാദ്ധ്യസ്ഥരാണ്.
ദുരിത ബാധിതരുടേയും സഹായമർഹിക്കുന്നവരുടേയും ഒപ്പമാകണം നാളെ കോൺഗ്രസ് പ്രവർത്തകർ ഉണ്ടാകേണ്ടതെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു. അങ്ങേയറ്റം ലാളിത്യത്തോടെ നന്മനിറഞ്ഞ പ്രവൃത്തികളിലൂടെ രാജ്യത്തെ സാധാരണക്കാർക്കൊപ്പമാകട്ടെ രാഹുൽ ഗാന്ധിയുടെ ഈ ജന്മദിനവും .