ന്യൂഡല്‍ഹി: സിബിഐയും ഇഡിയും അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഭരണം മാറിയാല്‍ ഈ ഏജന്‍സികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 1823.08 കോടിരൂപ അടയ്ക്കാന്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് പുതിയ നോട്ടീസയച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പ്രതികരണം.
കേന്ദ്ര ഏജന്‍സികള്‍ അവരുടെ ജോലി കൃത്യമായി ചെയ്താല്‍ യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഒരു ദിവസം ഭരണം മാറുമെന്ന കാര്യം ഈ ഏജന്‍സികള്‍ ഓര്‍ക്കണം. ആ ഘട്ടത്തില്‍ ഇവയ്‌ക്കെതിരെ നടപടിയുണ്ടാകും. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാന്‍ ഒരു ഏജന്‍സിയും മുതിരാത്ത തരത്തിലുള്ള കര്‍ശന നടപടിയാകും ഉണ്ടാകുകയെന്നും ഇത് തന്റെ ഗ്യാരന്റിയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മുതിര്‍ന്ന നേതാവ് ജയറാം രമേശും ട്രഷറര്‍ അജയ് മാക്കനും അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
‘ജനാധിപത്യത്തെ അട്ടിമറിക്കാനും ഭരണഘടനയെ ഇകഴ്ത്താനും ആദായനികുതി വകുപ്പ്, ഇഡി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ദുരുപയോഗം ചെയ്യുന്നു. പ്രധാന പ്രതിപക്ഷത്തെ ദ്രോഹിക്കാനുള്ള ആയുധമായി ഐടി വകുപ്പിനെ ഉപയോഗിക്കുകയാണ്.
ഇത്തരം നടപടികള്‍ കോണ്‍ഗ്രസിനെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ല. തന്റെ പാര്‍ട്ടി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപിയില്‍ നിന്ന് മോചിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തിട്ടുണ്ട്’കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.