കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടുപേർകൂടി മരിച്ചു. കതൃക്കടവ് മേത്തേക്കാട്ട് ബോബന്റെ മകൻ മിലൻ (20), ഗാന്ധിനഗർ ചെറുവുള്ളിപറമ്പ് ആന്റണിയുടെ മകൻ ആൽവിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കതൃക്കടവ് പത്തുമുറി വെള്ളേപ്പറമ്പിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ അഭിഷേക് (21) അപകടം നടന്ന ഞായറാഴ്ചതന്നെ മരിച്ചിരുന്നു.
ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ബീച്ചിലെത്തിയത്. ഒരാളൊഴികെയുള്ളവർ കുളിക്കാനിറങ്ങി. ഇവിടെ നീന്തൽ പരിശീലനം നടത്തുന്നവരുടെ മുന്നറിയിപ്പ് അവഗണിച്ച് സംഘം വടക്കോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. സംഘം ഐ.ഒ.സി. ഗ്യാസ് പ്ലാന്റിന്റെ പടിഞ്ഞാറെ മതിലിനരികിലൂടെ നീങ്ങി കടലിൽ ഇറങ്ങുകയായിരുന്നു.
തിരയിൽപ്പെട്ടാണ് മൂന്നുപേരേയും കാണാതായത്. നീന്തൽ പരിശീലനം നടത്തിയിരുന്ന വൈപ്പിൻ ബീച്ച് ക്ലബ്ബിലെയും ഡോൾഫിൻ ക്ലബ്ബിലെയും നീന്തൽ വിദഗ്ധരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. മിലനേയും ആൽവിനേയും ആണ് ആദ്യം രക്ഷിച്ച് കരയ്ക്കെത്തിച്ചത്. അഭിഷേകിനെ കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നു.
ബീച്ചിലുണ്ടായിരുന്ന ടാക്സിയിൽ ആദ്യം കിട്ടിയ രണ്ടുപേരെയും പിന്നീട് എത്തിയ പോലീസ് വാഹനത്തിൽ അഭിഷേകിനെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അഭിഷേക് മരിച്ചിരുന്നു.
അപ്രതീക്ഷമായെത്തിയ രാക്ഷസ തിരമാല കൂട്ടുകാരുടെ ജീവൻ അപഹരിച്ചതിൻ്റെ നടുക്കത്തിലാണ് സുഹൃത്തുക്കൾ. പതിവായി കുളിക്കാനിറങ്ങുന്ന സ്ഥലത്ത് തന്നെയാണ് ഇറങ്ങിയതെന്ന് അപകടത്തിൽപ്പെട്ട സംഘത്തിലുണ്ടായിരുന്ന ആസാദ് റോഡ് സ്വദേശിയായ അമൽ കൃഷ്ണ (20) പറഞ്ഞു.
“കടൽ ശാന്തമായതിനാൽ ഒരാളൊഴികെ ബാക്കിയെല്ലാവരും വെള്ളത്തിലേക്കിറങ്ങി. ഒരു മണിക്കൂറിലധികം കടലിൽ തന്നെ തുടർന്നു. എന്നാൽ അപ്രതീക്ഷതമായെത്തിയ രാക്ഷസതിരമാല പിൻവാങ്ങിയപ്പോൾ എന്നെയും കൂട്ടുകാരെയും ശക്തിയോടെ കടലിലേക്ക് വലിച്ചുകൊണ്ടുപോയി, അമൽ ഭീതിയോടെ ഓർത്തെടുത്തു.
അഭിഷേക്, മിലൻ, ആൽവിൻ എന്നിവരെയാണ് തിര കൂടുതൽ ഉള്ളിലേക്ക് കൊണ്ടുപോയത്. സമീപത്തുണ്ടായിരുന്ന നിന്തൽ ക്ലബ്ബിലുള്ളവർ രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും ഇവരെ പെട്ടെന്ന് കണ്ടെത്തി തീരത്ത് എത്തിക്കാനായില്ല. രക്ഷാപ്രവർത്തകർ എറണാകുളം ജനറൽ ആശു പത്രിയിലെത്തിച്ച അമൽ പിന്നീട് ആശുപത്രി വിട്ടു.
അഭിഷേകിൻ്റെ ജീവൻ പൊലിഞ്ഞ വാർത്ത അറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും എറണാകുളം ജനറൽ ആശു പത്രിയിലേക്ക് കൂട്ടത്തോടെ എത്തുകയായിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ, നിറകണ്ണുകളുമായി സുഹൃത്തി ൻ്റെ പോസ്റ്റ്‌മോർട്ടം നടക്കുന്ന മോർച്ചറിക്ക് വെളിയിൽ തളർന്നിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം അഭിഷേകിന്റെ മൃതദേഹം കലൂർ കതൃക്കടവിലെ വീട്ടിലെത്തിച്ചപ്പോഴും സുഹൃത്തുകൾ ഒപ്പമുണ്ടായിരുന്നു.