25.8 C
Kottayam
Friday, March 29, 2024

ജനാഭിമുഖ കുർബാന പ്രതിസന്ധി: പ്രശ്ന പരിഹാരത്തിനായി മെത്രാന്മാരുടെ സമിതി രൂപീകരിച്ചു

Must read

കൊച്ചി: ജനാഭിമുഖ കുർബാന പ്രതിസന്ധി പരിഹരിക്കുന്നതിനായി മെത്രാന്മാരുടെ കമ്മിറ്റി രൂപീകരിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളുമായി ഈ സമിതി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണുമെന്നാണ് സഭാ നേതൃത്വം അറിയിക്കുന്നത്. ആർച്ച് ബിഷപ്പുമാരായ മാത്യു മൂലക്കാട്ട്, ജോസഫ് പാംപ്ലാനി, ജോസ് ചിറ്റൂപ്പറമ്പിൽ എന്നിവരങ്ങുന്നതാണ് കമ്മിറ്റി.

സിറോ മലബാർ സഭ എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്ത് കർദ്ദിനാൾ വിമത വിഭാഗം അനിശ്ചിതകാല ഉപരോധ സമരം തുടങ്ങിയ പശ്ചാത്തലത്തിൽ കൂടിയാണ് മെത്രാന്മാരുടെ സമിതിയെ നിയോഗിച്ചിരിക്കുന്നത്. സിനഡ് കുർബാന നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് സെന്റ് മേരീസ് ബസിലിക്ക വികാരിക്കും, മൈനർ സെമിനാരി റെക്ടർക്കും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നൽകിയ കത്ത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്.

കത്ത് പിൻവലിച്ച് ജനാഭിമുഖ കുർബാന അംഗീകരിക്കുന്നത് വരെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തിലുള്ള സമരം തുടരും. എറണാകുളം അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സിറോ മലബാർ സഭാ സിനഡ് വത്തിക്കാന് ശുപാർശ നൽകണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാനാകുമെന്നാണ് നേരത്തെ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞത്. മാർപ്പാപ്പ നൽകിയ നിർദ്ദേശം മാറിയിട്ടില്ല. അതുകൊണ്ട് കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ മാറ്റമില്ലെന്നും അതിരൂപതയിലെ വിശ്വാസികളും വൈദികരും ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും മാർ ആൻഡ്രൂസ് താഴത്ത് കൊച്ചിയിൽ പറഞ്ഞിരുന്നു. സിബിസിഐ അധ്യക്ഷനായ ശേഷം കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week