തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ വിഷയത്തില്‍ പരാതിക്കാരി അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെ സിപിഐഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. കേശവദാസപുരം ലോക്കല്‍ കമ്മിറ്റി ഓഫിസിലാണ് പാര്‍ട്ടി യോഗം നടന്നത്. ഒരു മണിക്കൂറോളം നീണ്ട യോഗത്തില്‍ നിലവിലുള്ള സ്ഥാനങ്ങളില്‍ നിന്ന് ആരോപണ വിധേയനായ ജയചന്ദ്രനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പി എസ് ജയചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. ഏരിയ തലത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് സിപിഐഎം പേരൂര്‍ക്കട എല്‍സിയുടെ തീരുമാനം. വൈകിട്ട് മൂന്നുമണിക്ക് പേരൂര്‍ക്കട ഏരിയ കമ്മിറ്റി യോഗം ചേരും. ഈ യോഗത്തില്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ വേണോ എന്ന കാര്യവും ലോക്കല്‍ കമ്മിറ്റിയെടുത്ത തീരുമാനം അംഗീകരിക്കുകയും ചെയ്യും. എല്‍സിയില്‍ നിന്ന് പുറത്താക്കിയ ജയചന്ദ്രനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമാണ് ജയചന്ദ്രന്‍.അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉള്‍പ്പെടെ കേസിലെ പ്രതികളില്‍ അഞ്ചുപേര്‍ സിപിഐഎം അംഗങ്ങളാണ്. ജയചന്ദ്രനെതിരെ നടപടി വേണമെന്ന നിര്‍ദ്ദേശം സിപിഎം ജില്ലാ നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരുന്നു. ജയചന്ദ്രനെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച പരാതിക്കാരിയും ജയചന്ദ്രന്റെ മകളുമായ അനുപമ, പിതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഷിജു ഖാന്‍ അടക്കം പാര്‍ട്ടിയില നിരവധി പേര്‍ക്ക് കുഞ്ഞിനെ കടത്തിയതില്‍ പങ്കുണ്ടെന്നും അച്ഛനെതിരെ നടപടിയെടുത്താല്‍ അവരുടെയെല്ലാം പങ്ക് വെളിപ്പെടുമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ടെന്നും അനുപമ ആരോപിച്ചിരുന്നു.