കൊച്ചി: ഐ.എ.എസ് കോച്ചിംഗിന് എറണാകുളത്തെത്തിയ ബി.ടി.പ്രിയങ്ക (29) സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിലൂടെ മൂന്നുകോടിയിലേറെ രൂപ തട്ടിച്ച കേസിൽ റിമാൻഡിലായത് വിശ്വസിക്കാനാകാതെ നാട്ടുകാർ. മലയിൻകീഴ് വിളവൂർക്കൽ മാവറത്തല വീട്ടിൽ നിന്ന് ഐ.എ.എസ് പഠനത്തിനെന്ന പേരിൽ കൊച്ചിയിൽ താമസമാക്കിയ പ്രിയങ്ക വല്ലപ്പോഴുമാണ് വീട്ടിൽ വന്നിരുന്നത്.
മകളുടെ ഭാവി ലക്ഷ്യമിട്ടാണ് അച്ഛൻ ബാലചന്ദ്രൻ മകളെ എറണാകുളത്ത് കോച്ചിംഗിന് അയച്ചത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രിയങ്ക പ്രമുഖ കമ്പനിയിൽ ജോലിയുണ്ടെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. റിമാൻഡിലാകുന്നതിന് മൂന്നുദിവസം മുമ്പ് രാത്രി മലയിൻകീഴ് ജംഗ്ഷനിൽ പ്രിയങ്ക ബസ് കാത്തുനിൽക്കുന്നത് പലരും കണ്ടിരുന്നെങ്കിലും 12നുള്ള ട്രെയിനിൽ എറണാകുളത്ത് പോകണമെന്നാണ് ഇവർ പരിചയക്കാരനോട് പറഞ്ഞത്.
പ്രിയങ്കയുടെ പിതാവ് ബാലചന്ദ്രൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും എയർപോർട്ടിലെ ഐ.എൻ.ടി.യു.സിയുടെ മുൻ നേതാവുമായിരുന്നു. ഗവൺമെന്റ് പ്രസിൽ ജോലി കിട്ടിയതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നത്. സാമ്പത്തിക ബാദ്ധ്യതകാരണം വിളവൂർക്കലുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും ഒറ്റിക്ക് നൽകിയ ശേഷം ശാന്തുംമൂലയിലായിരുന്നു ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്നത്. നിലവിൽ മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് പ്രിയങ്കയുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്നത്.
പ്രിയങ്കയുടെ സഹോദരൻ ബി.ടി.രാജീവിന് മർച്ചന്റ് നേവിയിൽ ജോലിയെന്നാണ് നാട്ടുകാരോട് പറഞ്ഞിട്ടുള്ളത്. എന്നാൽ രാജീവ്,മാതാവ് തങ്കമണി,കാമുകൻ ഷംനാസ് എന്നിവർ തട്ടിപ്പുസംഘത്തിലെ കണ്ണികളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബാലചന്ദ്രനും തങ്കമണിയും മലയിൻകീഴിലെ വാടക വീട്ടിലാണ്. ഒളിവിലാണെന്ന് പൊലീസ് പറയുമ്പോഴും തങ്കമണിയെ ഇന്നലെ രാവിലെ 11ഓടെ ഓട്ടോയിൽ സഞ്ചരിക്കുന്നത് കണ്ടവരുണ്ട്. അംഗീകാരമില്ലാത്ത സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രിയങ്ക ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതിയുണ്ടെങ്കിലും മലയിൻകീഴ് സ്റ്റേഷനിൽ പരാതിയില്ലെന്നാണ് പൊലീസ് നൽകിയ വിവരം.