പത്തനംതിട്ട: കോന്നിയില്‍ അടൂര്‍ പ്രകാശിനും റോബിന് പീറ്ററിനും എതിരെ പോസ്റ്ററുകള്‍. കോന്നിയില്‍ റോബിന് പീറ്ററിനെ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. റോബിന് ആറ്റിങ്ങല്‍ എംപിയുടെ ബിനാമിയാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ കോന്നിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോര് രൂക്ഷമാകുന്നതായാണ് വിവരങ്ങള്‍. കോന്നിയില്‍ റോബിന് പീറ്റര്‍ മത്സരിച്ചേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസിലെ തന്നെ ഒരുവിഭാഗം നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട കോന്നി തിരികെ പിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് യുഡിഎഫ്. അടൂര്‍ പ്രകാശിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി നിര്‍ണയമോ പ്രഖ്യാപനമോ നടക്കുന്നതിനു മുന്‍പേ റോബിന് പീറ്ററാണ് വിജയ സാധ്യതയുള്ള സ്ഥാനര്‍ത്ഥി എന്ന് അടൂര്‍ പ്രകാശ് പ്രഖ്യാപനം നടത്തി എന്നായിരുന്നു ആരോപണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ ഒരാളെ പേരെടുത്ത് പ്രഖ്യാപിക്കുന്നത് ചട്ട ലംഘനമാണെന്നും അടൂര്‍ പ്രകാശിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞിരുന്നു.
കേരളത്തില്‍ ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന് ദീപക് മിശ്ര ഐപിഎസ്സാണ്. പുഷ്പേന്ദ്ര കുമാര്‍ പുനിയ കേരളത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.
സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടര്‍മാരുള്ളതില്‍ 579033 പുതിയ വോട്ടര്‍മാരുണ്ട്. 221 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടര്‍ പട്ടികയുടെ അന്തിമ കണക്കില്‍ ഇനിയും വോട്ടര്‍മാര്‍ കൂടിയേക്കും.
ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാന്‍ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികള്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിന് അനുമതിയുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറോട് സംസ്ഥാന ഇലക്ഷന് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകലില്‍ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളില്‍ കൂടുതല്‍ ജാഗ്രത പുലത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.