കോട്ടയം പൊന്‍കുന്നം അരവിന്ദ് ആശുപത്രിയിലെ ജീവനക്കാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ ഇവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായിരുന്ന 45 പേരെ നിരീക്ഷണത്തിലാക്കി.കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടില്‍ രോഗം സ്ഥിരീകരിച്ച വയോധികന്റെ ബന്ധുവാണ് രോഗം സ്ഥിരീകരിച്ച ആശുപത്രി ജീവനക്കാരി.നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവരുടെ പരിശോധനാഫലം വെള്ളിയാഴ്ചയാണ് ലഭിച്ചത്.19 ന് രാവിലെ വരെ ഇവര്‍ ആശുപത്രിയിലെ കാഷ് കൗണ്ടറില്‍ ജോലി നോക്കിയിരുന്നു.
ജീവനക്കാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയായിരുന്നു.ഈ പട്ടികയിലാണ് 45 പേര്‍ ഉള്‍പ്പെട്ടത്.രണ്ടാം ഘട്ട സമ്പര്‍ക്കപ്പട്ടികയും ഉടന്‍ പുറത്തുവിട്ടേക്കും. ആശുപത്രി അണുവിമകിത്മാക്കുന്നതിനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.ജീവനക്കാരിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി വീടുകളിലേക്ക് മടങ്ങി.ആശുപത്രിയിലെത്തിയ രോഗികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം കോട്ടയം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ് ജില്ലയില്‍ ഇന്നലെ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്.
പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലു പേരുമാണ് ചികിത്സയിലുള്ളത്.പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്.ഇന്നലെ രണ്ടു പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 196 പേര്‍ക്കാണ് രോഗം ബാധിച്ചത്. 83 പേര്‍ രോഗമുക്തരായി.