കോട്ടയം: കാലാവധി കഴിഞ്ഞ നോട്ടുകൾ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്തേക്ക് എത്തിക്കാൻ കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4 മണിക്കൂറിനു ശേഷമാണു സംഘത്തെ വിട്ടയച്ചത്.
പഴകിയ 500 രൂപ നോട്ടുകൾ 4 ട്രക്കുകളിലാണു കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി പി.ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ 30നു ഹൈദരാബാദിലേക്കു കൊണ്ടുപോയത്. ആകെ 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്.
തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിൽ (റിസർവ് ബാങ്കിൽനിന്നു ലഭിക്കുന്ന നോട്ടുകൾ ശാഖകൾക്കു വിതരണം ചെയ്യുന്ന കേന്ദ്രം) നിന്നു ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്കായിരുന്നു യാത്ര. 2 വാഹനങ്ങളിലായിരുന്നു പൊലീസ് സംഘം. ഡിവൈഎസ്പിയോടൊപ്പം 2 എസ്ഐമാരും 3 സീനിയർ സിപിഒമാരും 8 സിപിഒമാരുമാണു സംഘത്തിലുണ്ടായിരുന്നത്. പകൽ മാത്രമായിരുന്നു യാത്ര. രാത്രി പൊലീസ് ആസ്ഥാനങ്ങളിൽ വിശ്രമം.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ അനന്തപുർ ജില്ലയിൽ കേരള സംഘത്തെ ആന്ധ്ര പൊലീസ്, റവന്യു സംഘം തടഞ്ഞു. തിരഞ്ഞെടുപ്പു നിരീക്ഷണത്തിന്റെ ഭാഗമായ പരിശോധനയിലായിരുന്നു ആന്ധ്ര പൊലീസ് സംഘം. ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിളിച്ചെങ്കിലും വൈകിട്ട് നാലോടെയാണു വിട്ടയച്ചത്. ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ് സംഘം പറയുന്നു.