കോട്ടയം : സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയിലാക്കിയ പൈനാപ്പിൾ മേഖലയിൽ കർഷകർ നിലനിൽപ്പിനായുള്ള ശ്രമത്തിലാണ്. വിളവെടുത്ത പൈനാപ്പിൾ വാങ്ങാനാളില്ല, വാങ്ങിയാൽത്തന്നെ വിലയില്ല, കിട്ടിയ വിലയ്ക്കു വിറ്റാലോ പണം ലഭിക്കുന്നില്ല എന്നിങ്ങനെയാണ് സ്ഥിതി.
സർക്കാർ നിശ്ചയിച്ച തറവിലപോലും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തറവിലയ്ക്ക് തറയിലിട്ട് പൈനാപ്പിൾ വിൽക്കുന്ന സമരമുറ സ്വീകരിച്ച് കർഷകൻ രംഗത്തെത്തി. കോട്ടയം ളാക്കാട്ടൂർ സ്വദേശി മാത്യു കെ ജോർജ് ആണ് വ്യത്യസ്തമായ സമരമുറയുമായി ഇന്നലെ കോട്ടയം നഗരത്തിലേക്കിറങ്ങിയത്. കെകെ റോഡിൽ മണർകാട് മുതൽ മുതൽ കലക്‌ട്രേറ്റ് വരെ വഴിനീളെ പൈനാപ്പിൾ നിരത്തി തന്റെ പ്രതിഷേധം അറിയിക്കാനാണ് മാത്യു ശ്രമിച്ചത്. എന്നാൽ പോലീസ് അനുനയപ്പിച്ച് സമരത്തിൽനിന്നു മാത്യുവിനെ പിന്തിരിപ്പിച്ചു. അതുകൊണ്ടുതന്നെ ഈ വേറിട്ട സമരം അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല.
സർക്കാർ നിശ്ചയിച്ച താങ്ങുവില പോലും ലഭിക്കാത്തതിനാലും കച്ചവടക്കാർ എടുക്കുന്ന പൈനാപ്പിളിന് വിൽപന വിൽപന ഇല്ല എന്ന പേരിൽ പണം നൽകുന്നില്ലാത്തതിനാലുമാണ് സമരവുമായി രംഗത്തിറങ്ങിയതെന്ന് മാത്യു പറഞ്ഞു .4 സുഹൃത്തുക്കളും കൃഷിയിൽ പങ്കാളികളാണ്. നോട്ട് നിരോധനം, നിപ, വരൾച്ച, പ്രളയം എന്നിങ്ങനെ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷത്തോളമായി തുടരുന്ന കോവിഡ് സ്ഥിതി താറുമാറാക്കി. ഇന്ന് 40 ഏക്കറിലാണ് മാത്യുവിന്റെയും സഹൃത്തുക്കളുടെയും കൃഷി. ഒരായുസ് മുഴുവൻ സമ്പാദിച്ചത് നഷ്ടപ്പെട്ടുവെന്നും മാത്യു പറയുന്നു.