തിരുവനന്തപുരം:പ്രവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്.വിദേശത്തു നിന്നെത്തുന്നവര്‍ക്ക് സ്ക്രീനിംഗ് ഏര്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തി പ്രവാസികളെ പ്രകോപിപ്പിയ്ക്കാന്‍ ശ്രമിച്ചു. മടങ്ങിവരാന്‍ താത്പര്യമുള്ള എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുമെന്ന് തുടക്കത്തിലേ വ്യക്തമാക്കിയതാണ്. അവര്‍ക്കായി സൗകര്യമൊരുക്കും. ഇതില്‍ നിന്ന് ഒരു ഘട്ടത്തിലും പുറകോട്ട് പോയിട്ടില്ല. ഒരു വിമാനത്തിന്റെ യാത്രയും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് മാത്രം 72 വിമാനങ്ങള്‍ക്ക് കേരളത്തിലേക്ക് അനുമതി നല്കി. 14,058 പേരാണ് ഈ വിമാനങ്ങളില്‍ എത്തുന്നത്. ഇവയില്‍ ഒന്നൊഴികെ എല്ലാ വിമാനങ്ങളും ഗള്‍ഫില്‍ നിന്നാണ് എത്തുന്നത്. ഇതുവരെ 335 ചാര്‍ട്ടേഡ് വിമാനങ്ങളടക്കം 543 വിമാനങ്ങളും മൂന്ന് കപ്പലുകളിലും വിദേശത്തുനിന്ന് എത്തി. 1114 വിമാനങ്ങള്‍ക്ക് അനുമതി നല്കി. ജൂണ്‍ 30 വരെ 462 ചാര്‍ട്ടേഡ് വിമാനങ്ങളാണ് സംസ്ഥാനത്തെത്തുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ഉള്ളവരുടെയടക്കം ചികിത്സിച്ച് ഭേദമാക്കുന്നുണ്ട്. പ്രവാസികള്‍ എപ്പോള്‍ വന്നാലും ചികിത്സ ആവശ്യമെങ്കില്‍ നല്‍കും. വിദേശത്ത് മരണപ്പെട്ട പ്രവാസികളൊന്നും യാത്ര മുടങ്ങിയതുകൊണ്ടല്ല മരിച്ചത്. അതത് രാജ്യങ്ങളില്‍ ലഭ്യമായ ചികിത്സ ഇവര്‍ക്കൊക്കെ ലഭിച്ചു. എന്നാല്‍ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര പേര് മരിക്കണമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നു. കേരളീയര്‍ അതത് രാജ്യങ്ങളില്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോള്‍ അത് അവിടെ ജീവിക്കുന്നവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.