തൃക്കാക്കര: വർഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പി.സി.ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം.
വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താനാണ് ബിജെപിയുടെ ശ്രമം. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് ബിജെപി വാദം. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.
ക്രൈസ്തവ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് വർഗീയവിഷം ചീറ്റിയ ആളെ സംരക്ഷിക്കുന്നയാളുകളാണ് 2008 ൽ 38 പേരുടെ ജീവനെടുത്തത്. അവർക്ക് അതിൽ പശ്ചാത്താപമില്ല. രാജ്യത്ത് ക്രിസ്ത്യാനികളെ സംഘപരിവാർ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രഹാം സ്റ്റൈനേയും മക്കളെയും കൊന്നത് മറക്കാനിടയില്ല. നാൽപ്പതോളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. മൂന്നൂറിലധികം പള്ളികൾ തകർക്കപ്പെട്ടു. അറുപതിനായിരം പേരെ കുടിയൊഴിപ്പിച്ചു. അന്ന് പ്രാർത്ഥിക്കാൻ ഇടമില്ലാത്തവർക്ക് സിപിഎം ഓഫീസുകൾ വിട്ടു നൽകി. ബിജെപി അധികാരത്തിൽ ഏറിയ ശേഷം വ്യാപകമായല്ലേ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
തൃക്കാക്കര എങ്ങനെ വിധിയെഴുതും എന്നതിന്റെ സൂചനകൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മാന്യത വിട്ടുള്ള നെറികെട്ടതും നിലവാരം ഇല്ലാത്തതുമായ പ്രചാരണ രീതിയിലേക്ക് നീങ്ങിയിരിക്കുകയാണ് യുഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ‘ബി’ ടീമായാണ് കോണ്ഗ്രസിനെ ജനങ്ങൾ കാണുന്നത്. കോൺഗ്രസിലെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ തകർച്ചയാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.