തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപകീർത്തിപ്പെടുത്തൽ കൊണ്ടൊന്നും ഞങ്ങളെ നാട്ടിൽ കൊച്ചാക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് ഇപ്പോൾ സാധാരണനിലയിലാണ് പ്രവർത്തിക്കുന്നത്. 117 കോടി നിക്ഷേപം തിരിച്ചു കൊടുത്തു. 8.16 കോടി പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പ എടുത്തവർ തിരിച്ചടച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
സഹകരണ വകുപ്പാണ് കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തിയത്. കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താൻ നടപടിയും സർക്കാർ സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പറയുന്നതെന്നും പിണറായി വിജയൻ തിരിച്ചടിച്ചു. എം എം വര്‍ഗീസിന് 100 കോടിയുടെ സ്വത്തെന്ന് പറഞ്ഞത് കടന്നകൈയാണ്.
പാര്‍ട്ടിയുടെ ബ്രാഞ്ച് ഓഫീസ് മുതല്‍ ജില്ലാ ഓഫീസ് വരെയുള്ള സ്വത്താണത്. അക്കൗണ്ട് മരവിപ്പിച്ചത് കൊണ്ടൊന്നും തെരഞ്ഞെടുപ്പില്‍ പിന്നോട് പോകില്ല. കൈയില്‍ പണമില്ലെങ്കില്‍ ജനം പണം നല്‍കുമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചാവക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്നാണ് പ്രധാനമന്ത്രി ഇന്ന് വിമര്‍ശിച്ചത്. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം. പാവങ്ങൾ, മധ്യവർഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി.
ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂര്‍ കൊള്ളയില്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി തന്നോട് പറഞ്ഞതെന്നും മോദി ഇന്ന് പറഞ്ഞിരുന്നു.