തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് ഗൗരവതരമായ പ്രശ്‌നമാണ്. സ്വര്‍ണം കടത്തുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനായി സംസ്ഥാനം ഏത് സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് താന്‍ ഇരിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ താല്പര്യം. അതിന് നെറികേട് കാണിക്കരുത്. ശിവശങ്കറിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് നേരിട്ട് കാര്യം ചെയ്യാനാവില്ല. കേന്ദ്രം ആവശ്യപ്പെട്ടാല്‍ മാത്രമേ സഹായം നല്‍കാനാവൂ. അത് നേരത്തെ അറിയിച്ചുവെന്ന് മാത്രമേയുള്ളൂ.
സ്വര്‍ണ്ണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. സ്വര്‍ണ്ണത്തോട് നാട്ടുകാര്‍ക്ക് വലിയ കമ്പമാണ്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികളുണ്ട്. അവരെ കണ്ടെത്തണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത് ഇതിനാണ്. ഈ കാര്യത്തില്‍ ഏതന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്രമാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയാന്‍വേണ്ടിയിട്ടാണ് ഇത് പറയുന്നത്.
ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അതിന് ശരിയായ മാര്‍ഗ്ഗം സ്വീകരിച്ച് രാഷ്ട്രീയ മത്സരം നടത്തണം. നെറികേടുകള്‍ പാടില്ല. ഭാവനയില്‍ ഒരു കാര്യം കെട്ടിച്ചമച്ച് അതിലൂടെ പുറത്താക്കാമെന്ന് കരുതുന്നുവെങ്കില്‍ അത് സാധിക്കില്ല. കള്ളക്കടത്ത് നടന്നിട്ടുണ്ട്. പ്രതികള പിടിക്കേണ്ടതുണ്ട്. അതിന് കേന്ദ്ര ഏജന്‍സികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.നാടിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നം ഇപ്പോഴുണ്ട്. അതാണ് ഇപ്പോള്‍ പരിഗണിക്കേണ്ട.