പമ്പ: തുലാമാസ പൂജകൾക്കായി ശബരിമലയിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം 250 പേർക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂർ മുമ്പ് പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവിൽ കയറ്റിവിടൂ. ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു മെഡിക്കൽ സർട്ടിഫിക്കറ്റും ഇതോടൊപ്പം വേണം. ഭക്തരുടെ ആരോഗ്യസംരക്ഷണം കരുതിയാണിതെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
മല കയറാൻ മാസ്ക് നിർബന്ധമല്ല. എന്നാൽ ദർശനത്തിന് പോകുമ്പോഴും, താഴെ പമ്പയിലും മറ്റ് പ്രദേശങ്ങളിലും മാസ്ക് നിർബന്ധമായും വയ്ക്കണം. കൂട്ടം കൂടി ഭക്തർ മല കയറരുത്.
കൊവിഡ് സർട്ടിഫിക്കറ്റ് പരിശോധിക്കുക നിലയ്ക്കലിൽ വച്ചാണ്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കായി ആന്റിജൻ പരിശോധന നടത്തും. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയുള്ള വാഹനവും സജ്ജീകരിച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. പകരം പമ്പയിൽ 20 ഷവറുകൾ സ്ഥാപിച്ചു. ഭക്തർക്ക് നെയ്യഭിഷേകം നടത്താനും പ്രസാദം സ്വീകരിക്കാനും കഴിയില്ല.
അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് രാവിലെ എട്ടുമണിക്ക് നടക്കും. ശബരിമല മേൽശാന്തിമാർക്കുള്ള അന്തിമപട്ടികയിൽ ഒൻപതുപേരും മാളികപ്പുറം മേൽശാന്തിമാർക്കുള്ള പട്ടികയിൽ പത്തുപേരും ഇടംപിടിച്ചിട്ടുണ്ട്.