കണ്ണൂര്‍: കൊവിഡ് പ്രതിരോധത്തിന് കുട്ടികള്‍ക്ക് ഹോമിയോ മരുന്നു നല്‍കുന്നതിന് എതിരെ ശിശുരോഗ വിദഗ്ധര്‍. ശാസ്ത്രീയമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്താതെ ആര്‍സനിക് ആല്‍ബമെന്ന ഹോമിയോ മരുന്ന് കുട്ടികളില്‍ പരീക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ, സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ശിശുരോഗ വിദഗ്ധരുടെ (ഐഎപി) സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
ലോകത്തെവിടെയും കോവിഡ് പ്രതിരോധത്തിന് ഈ മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ആദ്യം മൃഗങ്ങളിലും പിന്നീട് യുവാക്കളായ വോളണ്ടിയര്‍മാരിലും നടത്തുന്ന പരീക്ഷണത്തിനു ശേഷമേ കുട്ടികള്‍ക്ക് ഏതൊരു മരുന്നും നല്‍കാവൂ എന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പോലും മറികടന്നാണ് കേരളത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആഴ്സനിക്കം ആല്‍ബം പരീക്ഷിക്കുന്നത്.
ആര്‍സെനിക്, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകള്‍ വൃക്കകളെയും കരളിനെയും ഗുരുതരമായി ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്കുന്നതില് നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന സമ്മേളനം ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ടി.പി. ജയരാമന് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ ഇന്നലെ 8538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,881 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,252 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8629 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 77,363 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 71 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,592 ആയി.