വലിയ ശബ്ദത്തോടെ വിമാനം താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി ജയ. കൊണ്ടോട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ജയ. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന അറിയിപ്പ് കിട്ടിയിരുന്നു. വിമാനം റണ്‍വേയിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍. വലിയ ശബ്ദം കേട്ടു. പെട്ടെന്ന് വിമാനത്തിനുള്ളിലേക്ക് തെറിച്ചുപോവുകയായിരുന്നു. ബെല്‍റ്റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു താനെന്നും ജയ പറഞ്ഞു.
ഏറ്റവും പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നത്. വിമാനം ലാന്‍ഡ് ചെയ്തശേഷം വലിയ വേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തെറിച്ചുപോയി. യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും പരുക്കുണ്ട്. പിന്നിലിരുന്ന കുറച്ച് ആളുകള്‍ക്ക് മാത്രമേ പരുക്കില്ലാതെയുള്ളൂവെന്നും ജയ പറഞ്ഞു
ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. പൈലറ്റ് അടക്കം രണ്ടു യാത്രക്കാര്‍ മരിച്ചുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊണ്ടോട്ടിയിലെ രണ്ട് ആശുപത്രികളിലേക്കാണ് പരുക്കേറ്റവരെ മാറ്റിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പരുക്കേറ്റവരെ എത്തിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.