തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബി.ജെ.പി നേതാവ് പത്മജാ വേണുഗോപാൽ. രാഹുലിന് സ്ത്രീകളോട് വലിയ ദേഷ്യമാണെന്ന് പത്മജ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവന്നാൽ രാഹുലിന് ഒരു സ്ത്രീയുടെ വോട്ടു പോലും ലഭിക്കില്ലെന്നും അവർ ഫേയ്സ്ബുക്കിൽ കുറിച്ചു.
‘എന്നെ പറഞ്ഞത് ഞാൻ ക്ഷമിച്ചു. എന്റെ അച്ഛനേപ്പറ്റി പറഞ്ഞു. രാഷ്ട്രീയത്തിലൊന്നും ഇല്ലാതിരുന്ന എന്റെ അമ്മയേപ്പറ്റി പറഞ്ഞു. എന്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചു’, പത്മജ ആരോപിച്ചു. സിപിഎം നേതാവ് കെ.കെ ശൈലജയേക്കുറിച്ചുള്ള രാഹുലിന്‍റെ പരാമർശത്തെയും പത്മജ തന്‍റെ കുറിപ്പിൽ വിമർശിക്കുന്നു.
പത്മജ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശനത്തിന് പിന്നാലെ ‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. കരുണാകരന്റെ മകള്‍ എന്നുപറഞ്ഞ് പത്മജ ഇനി നടക്കരുതെന്നും രാഹുൽ അന്ന് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ‘വർഗ്ഗീയടീച്ചറമ്മ’ എന്നായിരുന്നു കെ.കെ. ശൈലജയെ ഉന്നംവച്ചുകൊണ്ടുള്ള രാഹുലിന്റെ പരിഹാസം. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
പത്മജ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇത് രാഹുൽ മങ്കൂട്ടത്തിൽ. ഇദ്ദേഹത്തിന് സ്ത്രീകളോട് വലിയ ദേഷ്യമാണ്. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളേപ്പറ്റി എന്തൊക്കെയാണ് ഈ സൈബർകുഞ്ഞു പറയുന്നത്. എന്നെ പറഞ്ഞത് ഞാൻ ക്ഷമിച്ചു. എന്റെ അച്ഛന്റെ പറ്റി പറഞ്ഞു. രാഷ്ട്രീയത്തിൽ ഒന്നും ഇല്ലാതിരുന്ന എന്റെ അമ്മയെ പറ്റി പറഞ്ഞു. എന്റെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയ പല നേതാക്കന്മാരും അത് ആസ്വദിച്ചു.
ഇപ്പോൾ ഷൈലജ ടീച്ചറെ പറ്റി പറയുന്നത് കേട്ടു. എത് പാർട്ടിക്കാരി ആയിക്കോട്ടെ. അവർ സീനിയർ പൊതു പ്രവർത്തകയാണ്. അതിലപ്പുറം ഒരു സ്ത്രീ ആണ്. നേതാക്കന്മാരെ മണി അടിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ വല്ല ഇലക്ഷനും നിൽക്കേണ്ടിവന്നാൽ ഒരു സ്ത്രീയുടെ വോട്ടുപോലും നിങ്ങൾക്ക് കിട്ടില്ല. ആദ്യം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ.