ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ് അദ്ദേഹം നേടിയത്.
ഉപതിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കി സമ്മർദ ശക്തിയാകാനായിരുന്നു അൻവറിന്റെ ലക്ഷ്യം. ചേലക്കരയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ തമ്മിലുള്ള ഭൂരിപക്ഷം നേർത്തതാകുകയും ഡിഎംകെ സ്ഥാനാർഥി വിജയത്തെ സ്വാധീനിക്കുന്ന വോട്ടുകൾ നേടുകയും ചെയ്തിരുന്നെങ്കിൽ അൻവറിന് നേട്ടമായേനെ. അങ്ങനെ സംഭവിച്ചില്ല. ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് ഒരു ഘട്ടത്തിലും പിന്നിൽ പോയില്ല. അൻവറിന്റെ പാർട്ടി രൂപീകരണ ശ്രമങ്ങൾക്കും തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.
നിലമ്പൂരിലെ ഇടതു സ്വതന്ത്ര എംഎൽഎയായ അൻവർ പൊലീസ് സേനയിലെ അഴിമതിക്കെതിരെ പ്രതിഷേധിച്ച് പരസ്യ വിമർശനവുമായി രംഗത്തെത്തിയത് സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രംഗത്തെത്തിയതോടെ സിപിഎം താക്കീത് നൽകി.
വിമർശനം തുടർന്നതോടെ അൻവറുമായുള്ള ബന്ധം സിപിഎം അവസാനിപ്പിച്ചു. തുടർന്നാണ് പാർട്ടി രൂപീകരിച്ചത്. ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്തിയെങ്കിലും പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചു. വയനാട്ടിൽ സ്ഥാനാർഥിയെ നിർത്തിയില്ല.