KeralaNews

‘പാര്‍ട്ടി നടപടിയില്‍ മനംനൊന്തുകൂടിയാണ് രാജുവിന്റെ മരണം; നടപടിക്ക് നേതൃത്വം കൊടുത്ത ഒരാളും ഇവിടേക്ക് തിരിഞ്ഞുനോക്കരുത്’ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം വേണ്ട; സിപിഐ നേതാക്കള്‍ക്കെതിരെ പി രാജുവിന്റെ കുടുംബം

കൊച്ചി: അന്തരിച്ച സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം. ഇക്കാര്യം ബന്ധുക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയില്‍ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സാഹചര്യത്തിലാണ് കുടുംബം മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചാല്‍ മതിയെന്ന് കുടുംബം തീരുമാനിച്ചത്.

പി രാജുവിനെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാര്‍ട്ടിയിലെ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലും ഫേസ്ബുക്കില്‍ കുറിച്ചു.

സി.പി.ഐ നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണമാണ് പി.രാജുവിന്റെ കുടുംബം ഉന്നയിക്കുന്നത്. പാര്‍ട്ടി നടപടിയില്‍ മനംനൊന്തുകൂടിയാണ് രാജുവിന്റെ മരണമെന്ന് സഹോദരീഭര്‍ത്താവ് ഗോവിന്ദകുമാര്‍ പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നേരത്തേ രാജുവിനെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു. നടപടി ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എറണാകുളം ജില്ലാ നേതൃത്വം ഇടപെട്ടില്ലാ എന്നായിരുന്നു ആക്ഷേപം.

രാജുവിന്റെ ആരോഗ്യനില മോശമാകാനും ഇത്രപെട്ടെന്ന് മരിക്കാനും കാരണം പാര്‍ട്ടി നടപടിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് ഗോവിന്ദകുമാര്‍ ആരോപിച്ചു. ‘അദ്ദേഹത്തിന്റെ പേരില്‍ വലിയ തുകയുടെ ആരോപമാണ് ഉണ്ടായത്. പിന്നീട് അത്ര വലിയ തുകയൊന്നും ഇല്ലായെന്ന് ആരോ കണ്ടെത്തിയെന്ന് പറഞ്ഞു. പാര്‍ട്ടി നടപടി പിന്‍വലിച്ചെന്നും പറയുന്നുണ്ട്. ഇതെല്ലാം പറയുന്നതല്ലാതെ കുടുംബത്തിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെന്ന് മാധ്യമങ്ങളില്‍ കണ്ടതല്ലാതെ കുടുംബത്തിന് ഒന്നും അറിയില്ല.

രാജുവിന്റെ മൃതദേഹം ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങള്‍ അതിനെ എതിര്‍ത്തു. ടൗണ്‍ ഹാളിലും വീട്ടിലും മാത്രം പൊതുദര്‍ശനം മതിയെന്ന് പറയേണ്ടിവന്നു. രാജുവിനെതിരേ നടപടിവന്നത് ചിലര്‍ കാരണമാണെന്ന സംശയമുണ്ട്. ഇവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുത്. കുടുംബത്തിന്റെ പേരില്‍ കരഞ്ഞുകൊണ്ട് അഭ്യര്‍ഥിക്കുകയാണ്. നടപടിക്ക് നേതൃത്വം കൊടുത്ത ഒരാളും ഇവിടേക്ക് തിരിഞ്ഞുനോക്കരുത്’, ഗോവിന്ദകുമാര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ആറോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പി.രാജുവിന്റെ അന്ത്യം. ആര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.പറവൂരില്‍നിന്ന് അദ്ദേഹം രണ്ടുതവണ എം.എല്‍.എ ആയി. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker