തിരുവനന്തപുരം: കേരളത്തിലെ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത് ഒരു കോടിയിലധികം രൂപ. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതികരിച്ചും, സൗജന്യ വാക്സിന്‍ നല്‍കുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യതയും മുന്‍നിര്‍ത്തിയാകണം ആളുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത്. കാശ് ഇല്ലാതെ കേരളത്തില്‍ നാളെ ഒരാള്‍ക്കും വാക്സിന്‍ ലഭിക്കാതെ പോകരുതെന്നാണ് സംഭാവന നല്‍കുന്നവര്‍ പറയുന്നത്. വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ന് 3.29 വരെ നല്‍കിയ സംഭാവനയാണ് ഒരു കോടി രൂപ.
ഇതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഇത് നമ്മുടെ നാടല്ലേ. കേരളമല്ലേ. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി മുന്‍പും നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത്. ഞാന്‍ വാര്‍ത്താസമ്മേളനത്തിന് വരുന്നതിന് മുന്‍പ് ഒരു കണക്ക് ശ്രദ്ധയില്‍പ്പെട്ടു. സിഎംഡിആര്‍എഫിലേക്ക് ഇന്ന്, നാലര വരെ വാക്സിന്‍ എടുത്തവര്‍ നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്. സൗജന്യമായി എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ജനങ്ങള്‍ക്ക് എപ്പോഴും ആഗ്രഹമുണ്ട്.’എന്നാണ് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ദുരിതാശ്വായ നിധിയിലേക്ക് സംഭാവന നല്‍കി. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തു.
”ഇതൊരു പ്രഹസനമല്ല. മറിച്ച് ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്നവരെ സഹായിക്കാന്‍ മറ്റുള്ളവര്‍ക്കുള്ള പ്രചോദനമാണ്. ‘വല്ലാത്ത പഹയന്‍’ എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടില്‍ ഞാന്‍ ഒരു കുറിപ്പ് കാണാനിടയായി. അത് എന്നെ ആഴത്തില്‍ സ്പര്‍ശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. നിങ്ങളില്‍ ചുരുക്കം ചിലരെങ്കിലും എന്റെ ഈ പ്രവൃത്തിയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ശാന്തിയും സമാധാനവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി നമുക്ക് ഒരുമിച്ചു പോരാടാം. മറ്റുള്ളവര്‍ക്കായി നിലകൊള്ളാന്‍ ഓരോരുത്തരും തയ്യാറാകുമ്‌ബോള്‍ നമുക്ക് ഒന്നും അസാധ്യമായിരിക്കില്ല. എല്ലാവരും സുരക്ഷിതരും സന്തുഷ്ടരുമായിരിക്കുക,” ഗോപി സുന്ദര്‍ കുറിച്ചു.
സൗജന്യമായി വാക്സിന്‍ സ്വീകരിക്കുമ്പോള്‍ രണ്ട് ഡോസിന്റെ വിലയായ 800 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ ക്യാമ്ബയില്‍ തുടങ്ങിയത്. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകള്‍ അത് ഏറ്റെടുത്തു. മികച്ച പ്രതികരണം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ വാക്സിന്‍ ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് പോവാനാണ് ആലോചന.