കോട്ടയം:യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്സ് സഭ. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധിയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് സഭാ നേതൃത്വം ആരോപിച്ചു. പള്ളികള്‍ക്കെതിരായ അക്രമം ഉന്നത അധികാരികളുടെ ഒത്താശയോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണത്തില്‍ ഇരിക്കുന്നവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. അവര്‍ ചിലപ്പോഴൊക്കെ ആക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും സഭ വക്താക്കള്‍ ആരോപിച്ചു.
അതേസമയം,സഭാകേസില്‍ സുപ്രീം കോടതിവിധി നടപ്പാക്കുന്നതിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനം തുടര്‍ന്നാല്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള കൂദാശാപരമായ ബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്നു യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുന്നറിയിപ്പ് നല്‍കി. സഭയുടെ വിശ്വാസമനുസരിച്ചു മൃതദേഹം സംസ്‌കരിക്കാന്‍ തടസ്സം നില്‍ക്കുന്നതുള്‍പ്പടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുമായി സഭാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം.
നീതിനിഷേധം തുടര്‍ന്നാല്‍ 21 മുതല്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന ആഗോള എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോടതിവിധിക്കപ്പുറമാണു മനുഷ്യാവകാശ ലംഘനങ്ങള്‍. ഒരു വിശ്വാസിയെയും ദേവാലയത്തില്‍ നിന്നോ സെമിത്തേരിയില്‍ നിന്നോ പുറത്താക്കണമെന്നോ മൃതദേഹങ്ങള്‍ തടയണമെന്നോ ഒരു കോടതിയും പറഞ്ഞിട്ടില്ല.
അതുകൊണ്ട് വിശ്വാസികളുടെ മൃതശരീരങ്ങള്‍ ഒരു കാരണവശാലും വഴിയില്‍ വച്ചു വിലപേശാന്‍ ഇടയാകരുത്. ഓര്‍ത്തഡോക്സ് സഭയുടെ പൗരോഹിത്യത്തെ അംഗീകരിക്കുന്നില്ല, അതിനാല്‍ അവരുടെ പുരോഹിതന്മാര്‍ സംസ്‌കാരശുശ്രൂഷ നടത്തുമെന്നു പറയുന്നതു സ്വീകാര്യമല്ല. ഇതുവരെ ഓര്‍ത്തഡോക്സ് സഭയുമായുണ്ടായിരുന്ന നല്ല ബന്ധത്തിനു മങ്ങലേല്‍പ്പിക്കുന്ന നടപടികളാണു കോടതിവിധിയുടെ മറവില്‍ നടക്കുന്നത്.
നീതിനിഷേധത്തെക്കുറിച്ചു സര്‍ക്കാരിന് ഉത്തമബോധ്യമുണ്ട്. എന്നാല്‍ സുപ്രീം കോടതി വിധിക്ക് എതിരു നില്‍ക്കാന്‍ മുഖ്യമന്ത്രിക്കു കഴിയില്ല. സത്യവും നീതിയും തങ്ങള്‍ക്കൊപ്പമുണ്ടെങ്കിലും നിയമം ഒപ്പമില്ലെന്ന കുറവുണ്ട്. സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കുമെന്നാണു പ്രതീക്ഷ. ആവശ്യമെങ്കില്‍ സെമിത്തേരി സര്‍ക്കാര്‍ ഏറ്റെടുത്ത് മൃതശരീരങ്ങള്‍ അടക്കാനുള്ള ക്രമീകരണം ചെയ്യണമെന്നും സഭ ആവശ്യപ്പെട്ടു.