തിരുവനന്തപുരം :കോവിഡ് 19 മഹാമാരി മൂലം ഗള്‍ഫിലെ പ്രവാസികളുടെ അവസ്ഥ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തില്‍ അവരെ തിരികെ കൊണ്ടുവരാന്‍ മെയ് 3 വരെ കാത്തിരിക്കാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തു നല്കി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ അതതു രാജ്യങ്ങള്‍ തിരികെ കൊണ്ടുപോയി. ഇന്ത്യക്കാരെ ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരാനുള്ള നടപടി പോലും ഇന്ത്യ സ്വീകരിച്ചില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഗര്‍ഭിണികള്‍ അടക്കം ഉള്ള സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലും മാലദ്വീപിലും കുടുങ്ങിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കണം. തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും വരാന്‍ അവസരം ഉണ്ടാകണം.
മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റീന്‍ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.
ഗള്‍ഫിലെ പ്രവാസികള്‍ വളരെ ഗുരുതമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. ലേബര്‍ ക്യാമ്പുകളില്‍ ഇരുപതും മുപ്പതും അമ്പതും പേരൊക്കെ ഒന്നിച്ചാണു കഴിയുന്നത്. ഒരാള്‍ക്ക് രോഗംപിടിച്ചാല്‍ അതു മറ്റുള്ള എല്ലാവരിലും വലിയ പ്രത്യാഘാതം ഉണ്ടാക്കും. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തരം നിര്‍ദേശം നല്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കോവിഡ് 19ന്റെ നിയന്ത്രണം മൂലമോ, വിമാനങ്ങള്‍ റദ്ദാക്കുന്നതു മൂലമോ യാത്ര മുടങ്ങുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിമാനക്കമ്പനികള്‍ പാലിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. മാര്‍ച്ച് 24ന് ലോക്കൗട്ട് പ്രഖ്യാപിച്ച ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കേ ഇതു ബാധകമാകൂ എന്നാണ് വിമാനകമ്പനികളുടെ നിലപാട്. ലോക്കൗട്ട് പ്രഖ്യാപിച്ച ശേഷം ആരും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തതിനാല്‍ ഒരാള്‍ക്കുപോലും പ്രയോജനം കിട്ടില്ല. പ്രധാനമന്ത്രിയുടെ തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.