ന്യൂഡല്‍ഹി: രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രസംഗങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഉപയോഗിക്കുന്ന ‘മിത്രോം’ എന്ന അഭിസംബോധനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ‘ഓ മിത്രോം’, കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
‘ഒമിക്രോണിനേക്കാള്‍ വളരെ അപകടകാരിയാണ് ‘ഓ മിത്രോം’! ധ്രുവീകരണം, വിദ്വേഷവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കല്‍, ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങള്‍, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തല്‍ എന്നിവയിലെല്ലാം ഈ വാക്കിന്റെ അനന്തരഫലങ്ങള്‍ നമ്മള്‍ അളക്കുകയാണ്. ഈ വേരിയന്റിന് തീവ്രത കുറഞ്ഞ വകഭേദങ്ങളില്ല’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ ഗുരുതരമായ കൊവിഡ് സാഹചര്യത്തെ ലഘൂകരിച്ച് കാണിക്കാനുള്ള ശ്രമമാണിതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി കോവിഡിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ഗുരുതരമായ സാഹചര്യത്തെ ലഘൂകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.