കൊച്ചി : വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ ഔട്ടറിൽ ചാടുന്നവരുടെ എണ്ണത്തിൽ ഭീമമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ട്രെയിൻ എറണാകുളം ടൗണിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് വേഗതയിലുള്ള നിയന്ത്രണം മുതലാക്കിയാണ് യാത്രക്കാർ ചാടുന്നത്. എന്നാൽ വളരെ പെട്ടെന്ന് ട്രെയിനുകൾക്ക് വേഗത കൈവരിക്കാൻ ഇപ്പോൾ കഴിയുമെന്നതിനാൽ ഔട്ടറിലെ ചാട്ടം അപകടം ക്ഷണിച്ചു വരുത്തുമെന്ന് സ്ഥിര യാത്രക്കാർ അഭിപ്രായപ്പെടുന്നു.
തൃപ്പൂണിത്തുറയിലോ, എറണാകുളം ടൗണിലോ വേണാട് ഷെഡ്യൂൾഡ് സമയത്തിൽ എത്തിയാൽ പോലും സൗത്തിലെ ഓഫീസുകളിൽ സമയം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ഔട്ടറിൽ ചാടുന്നവരുടെ എണ്ണം വർദ്ധിച്ചത്. മെട്രോയോ മറ്റു ഗതാഗത സംവിധാനത്തിനോ സൗത്തിൽ അവരെ സമയത്ത് എത്തിക്കാൻ സാധിക്കുന്നില്ല. അതുപോലെ മെട്രോയെ ദിവസവും ജോലിയ്ക്ക് ആശ്രയിക്കാനുള്ള സാമ്പത്തിക ഭദ്രതയും എല്ലാ യാത്രക്കാർക്കുമില്ല.
സൗത്ത് ഒഴിവാക്കുന്നതിന് മുമ്പും ഔട്ടറിൽ ചാടുന്നവരുണ്ടായിരുന്നു. ട്രെയിനുകളുടെ വേഗതയും ഔട്ടറിലെ നിയന്ത്രണങ്ങളും അവർക്ക് നിശ്ചയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പലരും നിവർത്തിക്കേട് കൊണ്ട് ചാടുന്നവരാണ്. വൈകിയാൽ ജോലി നഷ്ടപ്പെടുമെന്ന ഭയം കൊണ്ട് ചാടുന്നവരാണ്. ഓഫീസുകളിൽ നിന്നുള്ള സമ്മർദ്ദം സഹിക്കാൻ വയ്യാതെ ചാടുന്നവരാണ്… നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോലും അറിയാത്തവരും ഇവിടെ വീണ് പഠിക്കുകയാണ്. വളരെ മോശം പ്രവണതയ്ക്ക് റെയിൽവേ കുടപിടിക്കുകയാണ്..
നോർത്തിലേയ്ക്ക് സിഗ്നൽ ലഭിക്കാൻ വൈകിയാൽ വേണാടിൽ നിന്ന് സാഹസികമായി മെറ്റിൽ കൂനയുടെ മുകളിലേയ്ക്ക് ഇറങ്ങുന്നവരിൽ സ്ത്രീകളുമുണ്ട്. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന സ്ഥിതി വിശേഷത്തിലും റെയിൽവേ മൗനം തുടരുകയാണ്. വേണാട് സൗത്ത് ഒഴിവാക്കിയത് താത്കാലികമാണെന്ന് പറയുമ്പോഴും എന്നുവരെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ റെയിൽവേയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഔട്ടറിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം കൂടി റെയിൽവേ ഏറ്റെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
കോട്ടയം വഴിയുള്ള പാലരുവി, വേണാട് എക്സ്പ്രസ്സുകളിൽ നിയന്ത്രണാതീതമായ തിരക്കാണ് രാവിലെ ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ രണ്ട് ട്രെയിനുകൾക്കുമിടയിൽ ഒന്നരമണിക്കൂറിലേറെ ഇടവേളയുള്ളതാണ് തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നത്.
പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. വേണാട് ജംഗ്ഷൻ ഒഴിവാക്കുന്നതിലുള്ള എതിർപ്പുകളും അതോടെ അവസാനിക്കും . ബദൽ മാർഗ്ഗമൊരുക്കാതെ റെയിൽവേ മൗനം തുടരുന്നത് യാത്രക്കാരെ പ്രതിഷേധത്തിലേയ്ക്ക് നയിക്കും.