മുംബൈ:ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തില്‍ ആവേശം കൊള്ളുന്ന ഇന്ത്യക്കാരെ പരിഹസിച്ച് എഴുത്തുകാരിയും ബോളിവുഡ് മുന്‍നടിയുമായ ട്വിങ്കള്‍ ഖന്ന. കൊഹിനൂര്‍ ആന്റ് ബ്ലൂ ടിക്ക് വാപസി, വിത്ത് സം അന്‍മോല്‍ കണ്‍ഫഷന്‍ എന്ന തലക്കെട്ടില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ട്വിങ്കിളിന്റെ പരാമര്‍ശം.
ചാള്‍സിന്റെ കിരീടധാരണത്തില്‍ ബ്രിട്ടീഷുകാര്‍ കാണിക്കുന്ന ആവേശം മനസ്സിലാക്കാന്‍ തനിക്ക് കഴിയുന്നുണ്ടെന്നും എന്നാല്‍ അവരാല്‍ കോളനിവത്കരിക്കപ്പെട്ട പൈതൃകമുള്ള ഇന്ത്യക്കാരെ തനിക്ക് മനസ്സിലാകുന്നില്ലെന്നും ട്വിങ്കിള്‍ കുറിച്ചു.
മുന്‍പ്രണയിതാവിനോട് ഒരാള്‍ക്ക് തോന്നുന്ന വികാരവുമായി താരതമ്യം ചെയ്താണ് ട്വിങ്കിള്‍ അതെക്കുറിച്ച് വിശദീകരിക്കുന്നത്. ഒരാള്‍ക്ക് മുന്‍പ്രണയിതാവിനോടുള്ള ബന്ധം പോലെയാണ് ഇന്ത്യക്കാരുടെ അഭിനിവേശമെന്ന് തോന്നുന്നു, അവര്‍ നമ്മോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ പോലും. നമുക്ക് അവരെ മിസ് ചെയ്യുന്നില്ല, ഒരിക്കലും തിരികെ വേണമെന്ന് ആഗ്രഹവുമില്ല. പക്ഷേ അയാളുടെ ഇന്‍സ്റ്റാഗ്രാം ഫീഡുകള്‍ ഇടയ്ക്കിടെ കാണാന്‍ പിന്തുടരും.
മണിക്കൂറുകള്‍ നീണ്ട കിരീടധാരണം സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ച് ട്വിങ്കിള്‍ പറയുന്നതിങ്ങനെ: എന്റെ മകളുടെ സഹപാഠി ഇതെക്കുറിച്ച് പറഞ്ഞത്, ഒരു തൊപ്പി ലഭിക്കാന്‍ രണ്ടു മണിക്കൂറോളം ഒരു കസേരയില്‍ ഒരു മനുഷ്യന്‍ ഇരിക്കുന്നത് കാണുന്നു എന്നാണ്.
കിരീടധാരണത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ ആ പഴയ കൊഹിനൂര്‍ വിവാദത്തെ വീണ്ടും സജീവമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ കൊഹിനൂര്‍ ആഘോഷത്തിന് ഉപയോഗിക്കില്ലെന്നാണ്. എന്നാല്‍ കൊഹിനൂര്‍ തിരിച്ചു തരണമെന്ന ഇന്ത്യക്കാരുടെ ആവശ്യത്തിന് ഇതൊന്നും തടസ്സമാകുന്നില്ല.
എന്നാല്‍ ഞാന്‍ ബ്രിട്ടീഷുകാരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നത് ഇതാണ്, കൊഹിനൂര്‍ മാത്രമല്ല, ഞാന്‍ നേരത്തേ ആവശ്യപ്പെട്ടത് പോലെ ഞങ്ങളുടെ അമൂല്യമായ രണ്ടു രത്‌നങ്ങളായ വിജയ് മല്യയെയും നീരവ് മോദിയെയും കൂടെ തിരികെ തരണം- ട്വിങ്കിള്‍ കുറിച്ചു.