കൊച്ചി:1999 ൽ റിലീസ് ചെയ്ത ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, വിനീത്, പ്രവീണ, പ്രീതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നില്ലെങ്കിലും സിനിമയിലെ ഗാനങ്ങൾ വളരെ ശ്രദ്ധ പിടിച്ചു പറ്റി. സന്തോഷകരമായ ജീവിതം നയിച്ചിരുന്ന ദമ്പതികൾക്കിടയിലേക്ക് ഒരു സുഹൃത്ത് കടന്നു വന്നതോടെ ഉണ്ടായ സംഭവങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. ചെറിയാൻ പോൾ, സേവി മനോ മാത്യു എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.
ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർമാതാവ് സേവി മനോ മാത്യു. സിനിമയിൽ യേശുദാസ് പാടിയ പാട്ട് ഉപയോഗിക്കാതെ ട്രാക്ക് പാടിയ ഗായകൻ ശ്രീനിവാസന്റെ പാട്ട് ഉപയോഗിച്ചതിനെ പറ്റിയാണ് ഇദ്ദേഹം സംസാരിച്ചത്. ഗാന രംഗത്തെ അവസാന വാക്കായി യേശുദാസ് നിലനിൽക്കുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ പാട്ട് വേണ്ടെന്ന് നിർമാതാവ് തീരുമാനിച്ചത്. മോഹൻ സിത്താര ആയിരുന്നു സിനിമയുടെ സംഗീത സംവിധാനം ചെയ്തത്.
പാട്ടിന് ഇത്രയും പ്രാധാന്യമുള്ള സിനിമ ആയതിനാൽ മോഹൻസിത്താരയെ മാറ്റി വേറൊരു സംഗീത സംവിധായകനെ വെക്കണം എന്ന് എല്ലാവരും പറഞ്ഞിരുന്നു. എല്ലാവരും പറഞ്ഞത് മോഹനെ മാറ്റണമെന്നാണ് അതുകൊണ്ട് പാട്ട് ഗംഭീരമാക്കണം എന്ന് ഞാൻ മോഹനോട് പറഞ്ഞു. അതിമനോഹരമായി എല്ലാ പാട്ടും ഒന്നിനാെന്ന് മെച്ചമായി ചെയ്തു. ഞാനന്ന് പറഞ്ഞത് മോഹൻ പിന്നീട് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘യംഗ്സ്റ്റേർസിന് വേണ്ടി ഉണ്ടാക്കിയതായിരുന്നു സിനിമ. സ്ക്രിപ്റ്റിന്റെ പേരായ്മ മൂലം തട്ടിക്കൂട്ട് പോലെ ആയി. അന്ന് ഓഡിയോയ്ക്ക് ഭയങ്കര പൈസ കിട്ടുന്ന സമയം ആണ്. പുള്ളിമാൻ കിടാവേ എന്ന ദാസേട്ടന്റെ പാട്ടിന്റെ ട്രാക്ക് ശ്രീനിവാസിനെകൊണ്ടാണ് പാടിച്ചത്. അന്ന് ഒരു പാട്ടെങ്ങാനും പുള്ള പാടിയിട്ടുണ്ട്. പ്രശസ്തനായിട്ടില്ല. പുള്ളിമാൻ കിടാവേ ദാസേട്ടൻ പാടിയത് കേട്ടപ്പോൾ എനിക്കതൊട്ടും സുഖമായില്ല’
‘പക്ഷെ ശ്രീനിവാസൻ പാടിയ പാട്ട് ഭയങ്കര രസമായിട്ട് തോന്നി. വിഷ്വലിൽ ശ്രീനിവാസൻ പാടിയത് വെക്കാമെന്ന് ഞാൻ പറഞ്ഞു. കേൾപ്പിച്ച ആൾക്കാർ എല്ലാം, പാട്ട് ഇതാണ് നല്ലത്, പക്ഷെ ദാസേട്ടന്റെ പാട്ട് മാറ്റിയാൽ പ്രശ്നമാവില്ലേ എന്ന് ചോദിച്ചു. ഞാൻ പാട്ട് വാങ്ങിയ ജോണിയെ വിളിച്ചു. 25 ലക്ഷമാണ് സിനിമയിലെ പാട്ടിന് വില പറഞ്ഞിരുന്നത്’
‘ദാസേട്ടന്റെ പാട്ട് സിനിമയിലെ വിഷ്വലിൽ ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ കുറയ്ക്കുമെന്ന് പറഞ്ഞു. ഞാനുമായി സംസാരമായി. അങ്ങനെ അഞ്ച് ലക്ഷം രൂപ കുറച്ചാണ് എനിക്ക് തന്നത്. ഇത് ശ്രീനിക്കറിയാമായിരുന്നു. എവിടെയോ ഒരു പരിപാടിയിൽ വെച്ച് ശ്രീനിവാസനെ കണ്ടപ്പോൾ പണ്ടിങ്ങനെ ഒരു സംഭവം നടന്നത് ഓർമ്മയുണ്ടോ എന്ന് ചോദിച്ചു’
‘ഞാനത് വിട്ടു പോയിരുന്നു. ഞാൻ ഭയങ്കര അത്ഭുതത്തോടെ കണ്ട ആളാണ്, അഞ്ച് ലക്ഷം രൂപ കളഞ്ഞിട്ട് പോലും പുള്ളി എനിക്ക് വേണ്ടി ആ പാട്ട് തന്നു എന്ന് പുള്ളി ഒപ്പമുള്ളവരോട് പറഞ്ഞു,’ സേവി മനോ മാത്യു പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.