തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ.
രാവിലെ 10 മണിക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയ ബോർഡ് പ്രസിഡൻ്റിനെയും അംഗത്തെയും ജീവനക്കാർ ഊഷ്മളമായി വരവേറ്റു. തുടർന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഇരുവരെയും ദേവസ്വം ബോർഡ് കോൺഫെറൻസ് ഹാളിലേക്ക് ആനയിച്ചു.
ബോർഡ് കെട്ടിടത്തിനു മുന്നിലായി ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പനും ദേവസ്വം സെക്രട്ടറി എസ്.ഗായത്രീ ദേവി ,ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരും ചേർന്ന് പുതിയ പ്രസിഡൻ്റിനെയും അംഗത്തെയും സ്വീകരിച്ചു.10.15ന് കോൺഫെറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് അഡ്വ.കെ.അനന്തഗോപൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തുടർന്ന് ബോർഡ് അംഗമായി അഡ്വ.മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ദേവസ്വം സെക്രട്ടറി എസ്.ഗായത്രീ ദേവി ആണ് ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുത്തത്..ദേവസ്വം ബോർഡ് പി.ആർ.ഒ സുനിൽ അരുമാനൂർ പുതിയ നിയമനം സംബന്ധിച്ച സർക്കാർ വിജ്ഞാപനം വായിച്ചു.
ഭക്ഷ്യ സിവിൾ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ,എം .എൽ .എ മാരായ മാത്യു ടി.തോമസ്, ജിനീഷ് കുമാർ ,ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ അഡ്വ.എൻ.വാസു, എ.പത്മകുമാർ, ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ അഡ്വ.കെ.എസ്.രവി, കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, സി പി.ഐ.(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, സി.പിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ നേർന്നു.
തന്നെ ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് മറുപടി പ്രസംഗത്തിൽ അഡ്വ മനോജ് ചരളേൽ പറഞ്ഞു. ദേവസ്വം ബോർഡിലെ നിലവിലെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പഠിച്ച് ദേവസ്വം ബോർഡിൻ്റെ ഉയർച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു.എല്ലാപേരുടെയും പിൻതുണ ഉണ്ടാകണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.
പ്രസിഡൻറിൻ്റെയും അംഗത്തിൻ്റെയും കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ആദ്യ ബോർഡ് യോഗവും ചേർന്നു. ശേഷം തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ നൽകിയ സ്വീകരണ ചടങ്ങിലും ഇരുവരും പങ്കെടുത്തു.