ചെറുതുരുത്തി:അവിവാഹിതയായതയായ യുവതി പ്രസവിച്ച നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മുള്ളൂര്‍ക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സംഭവം. സംഭവത്തില്‍ ചാലക്കുടിയില്‍ പി.ജിക്കു പഠിക്കുന്ന യുവതിയ്ക്കെതിരെ പോലീസ് കേസെടുത്തു.
ലോക്ഡൗണിനെ തുടര്‍ന്നു നാലുമാസമായി മുള്ളൂര്‍ക്കരയിലെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രാവത്തെ തുടര്‍ന്ന യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയില്‍ യുവതി പ്രസവിച്ചതായി മനസിലായ ഡോക്ടര്‍ കുഞ്ഞിനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതോടെയാണ് രഹസ്യം പുറത്തറിയുന്നത്. ഡോക്ടര്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
പോലീസ് യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ ബാഗില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവായ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
കുളിമുറിയില്‍ വച്ചാണ് യുവതി പ്രസവിച്ചത്. പ്രസവ വിവരം മറച്ചുവെച്ചതിനും കുഞ്ഞിന്റെ ജീവന് രക്ഷിക്കാതെ ഒളിപ്പിച്ചതിനുമാണ് 22 കാരിയ്ക്കെതിരെ പോലീസ് കേസെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളു. പ്രസവത്തിനിടെ വന്ന അപാകതകള്‍ മൂലമാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.