തൃശ്ശൂര്‍: മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാറയ്ക്കല്‍ ആഷിക്(23) ആണ് അറസ്റ്റിലായത്. അവിണിശ്ശേരി ബോട്ടുജെട്ടി പ്രദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഞായറാഴ്ച പോലീസിനെക്കണ്ട് ഓടി.
ഓട്ടത്തിനിടെ കിണറ്റില്‍ വീണുവെന്നും നാട്ടുകാരുടെ സഹായത്താല്‍ പുറത്തെടുക്കുകയായിരുന്നുവെന്നും ഇരിങ്ങാലക്കുട പോലീസ് പറഞ്ഞു. രണ്ട് കൊലപാതകശ്രമം, മൂന്ന് മോഷണം, ഒരു കവര്‍ച്ച, ഒരു എന്‍.ഡി.പി.എസ്. എന്നീ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 14 ആയി.
ആഷിക് ഗുണ്ടാനിയമപ്രകാരം ആറു മാസത്തോളം ജയിലിലായിരുന്നു. കാപ്പ ചുമത്തി ജയില്‍വാസം കഴിഞ്ഞ് ഇറങ്ങിയാണ് മൂര്‍ക്കനാട് കൊലപാതകത്തില്‍ ഉള്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ മൂന്നിന് മൂര്‍ക്കനാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ അരിമ്പൂര്‍ വെളുത്തൂര്‍ അക്ഷയ് (21), ആനന്ദപുരം പൊന്നത്ത് സന്തോഷ് (40) എന്നിവരാണ് മരിച്ചത്.
2023 ഡിസംബറില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഉത്സവത്തിന്റെ വെടിക്കെട്ട് നടക്കുന്നതിനിടെ സംഘര്‍ഷവും കത്തിക്കുത്തും ഉണ്ടായത്. ആറുപേര്‍ക്ക് കുത്തേറ്റു. നാലുപേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതി കിണറ്റില്‍ കിടക്കുന്നതിന്റെ വീഡിയോ പോലീസില്‍നിന്നു പുറത്തായതിനു പിന്നാലെ തിങ്കളാഴ്ച വൈകീട്ട് നാലോടെ തൃശ്ശൂര്‍ റൂറല്‍ പോലീസ് ഫെയ്‌സ്ബുക്ക് വഴിയാണ് അറസ്റ്റുവിവരം പുറത്തു വിടുന്നത്.