മൂന്നാര്‍: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും. 52 പേരെ ഇനി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് ഫയര്‍ഫോഴ്സിന്റെ സ്പെഷ്യല്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏലപ്പാറയില്‍ നിന്ന് പുറപ്പെട്ട ടീമാണ് നിലവില്‍ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നാണ് വിവരങ്ങള്‍.
ഇന്ന് പുലര്‍ച്ചെയാണ് രാജമലയില്‍ ഉരുല്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. എഴുപതോളം പേര്‍ മണ്ണിനടിയില്‍ കിടക്കുന്നതായാണ് സൂചന. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.