30.6 C
Kottayam
Thursday, April 18, 2024

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു:പാലക്കാട്ട് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു

Must read

പാലക്കാട്: പ്രസവത്തിനിടെ യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് ഇന്ന് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നൽകിയ നവജാത ശിശു ഇന്നലെ മരണപ്പെട്ടിരുന്നു. കുഞ്ഞിൻ്റേയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.

ജൂൺ 29നാണ് പ്രസവത്തിനായി ചിറ്റൂർ തത്തമംഗലം സ്വദേശി ഐശ്വര്യ(25)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലായ് അഞ്ചോടെയാകും പ്രസവമെന്നും ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്നു മുൻകരുതലായാണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവയ്പും നൽകിയിരുന്നു. ഇന്നലെ പുലർച്ചെ യുവതിയെ പ്രസവത്തിനായി കൊണ്ടുപോയെങ്കിലും രണ്ടരയോടെ കു‍ഞ്ഞു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. ഇന്ന് ഐശ്വര്യയും മരിച്ചെന്ന് അറിയിക്കുകയായിരുന്നു. സമ്മതമില്ലാതെ ഗർഭപാത്രം നീക്കിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സംഘർഷസാധ്യത വൻ പൊലീസ് സന്നാഹമാണ് ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നത്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ചികിത്സാ പിഴവിനാണ് പൊലീസ്  കേസെടുത്തിരിക്കുന്നത്. ഡോ അജിത്, ഡോ നിള. ഡോ പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസ്. 

തങ്കം ആശുപത്രിയിൽ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഐശ്വര്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇവിടെ വച്ചാവും പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തങ്കം ആശുപത്രിയിൽ ബന്ധുക്കൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തുടർനടപടികൾ സ്വീകരിക്കാൻ സഹകരിക്കണമെന്നും ആശുപത്രിയിൽ നിന്നും പിരിഞ്ഞു പോകണമെന്നും പോലിസ്ഐശ്വര്യയുടെ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടറെ അറസ്റ്റ് ചെയ്യണം എന്ന കർശന നിലപാടിലാണ്ബന്ധുക്കൾ. ഐശ്വര്യയെ നേരത്തെ പരിശോധിച്ച ഡോക്ടറല്ല പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിശോധിച്ചതെന്നും അവർ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതികൾ കൃത്യമായി പരിശോധിക്കുമെന്നും അതിനു ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ഇന്നലെ മരണപ്പെട്ട കുഞ്ഞിൻ്റെ മൃതദേഹം പൊലീസ് ഇടപെട്ട് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. കുഞ്ഞിൻ്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നുവെന്നും ഇതു മൂലം വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതിൻ്റെ ലക്ഷണങ്ങൾ കുഞ്ഞിൻ്റെ ശരീരത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week