ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി ഐ.ടി.സി; വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി. ‘ഫാബെല്ല്ലെ എക്സ്‌ക്വിസിറ്റ്’ എന്ന ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡാണ് ഈ ചോക്ലേറ്റ് പുറത്തിറക്കിയത്. കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ ഏകദേശ വില. ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റ് എന്ന നിലയില്‍ ഇത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു കഴിഞ്ഞു.

ഓര്‍ഡര്‍ അനുസരിച്ച് മാത്രമേ ഈ ചോക്കലേറ്റ് തയ്യാറാക്കൂ. ബുധനാഴ്ച മുതല്‍ ചോക്കലേറ്റ് ലഭിച്ചു തുടങ്ങും. ലോകോത്തര നിലവാരമുള്ള ചോക്കലേറ്റ് നിര്‍മ്മിക്കുക എന്നതാണ് ഈ ചോക്കലേറ്റിലൂടെ ഐടിസിയുടെ ലക്ഷ്യം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൊക്കോ കൊണ്ടാണ് ചോക്കലേറ്റ് തയ്യാറാക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിരുചി കൂടി ഇതില്‍ പരിഗണിക്കുന്നുണ്ട്. 15 ഹാന്‍ഡ് മെയ്ഡ് ചോക്കലേറ്റുകള്‍ അടങ്ങിയ ഒരു പെട്ടിയിലാണ് ഇത് ലഭിക്കുക. തടിയില്‍ തീര്‍ത്ത ഈ പെട്ടിയും കൈകൊണ്ട് നിര്‍മ്മിച്ചതാണ്.