‘അമ്മ സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതെല്ലാം എല്ലാവരും അറിയുന്നില്ല’; അമ്മയെ കുറിച്ച് മോഹന്‍ലാല്‍
കൊച്ചി:മലയാള സിനിമാ താരസംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച ‘ഒപ്പം അമ്മയും’ എന്ന ചടങ്ങ് ചൊവ്വാഴ്ച കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് പങ്കെടുത്തിരുന്നത്. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇതാരും അറിയുന്നില്ലെന്നുമാണ് പരിപാടിയല്‍ സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞത്.
‘അമ്മ സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതെല്ലാം എല്ലാവരും അറിയുന്നില്ല. മലയാള സിനിമയിലെ അഭിനേതാക്കള്‍ക്ക് ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ട്. അതില്‍ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ എല്ലവരും ചെയ്യുന്നത്.
സിനിമ വീണ്ടും തുടങ്ങുകയും അതിലൂടെ നമ്മുടെ സാമ്പത്തിക അടിത്തറയെ മുന്നോട്ട് കൊണ്ട് വരുകയും വേണം. അതിലൂടെ ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കട്ടെ’ എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനസഹായം നല്‍കാനായി അമ്മ ആരംഭിച്ച പദ്ധതിയാണ് ഒപ്പം അമ്മയും. ഇതേ തുടര്‍ന്ന് ചടങ്ങില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബുകള്‍ സമ്മാനിച്ചു.
അതോടൊപ്പം ഒപ്പം അമ്മയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എറണാകുളം എം. പി ഹൈബി ഈഡന്‍, അഭിനേതാക്കളായ ഇടവേള ബാബു, ടൊവിനോ തോമസ്, അജു വര്‍ഗീസ്, ടിനി ടോം, മനോജ് കെ ജയന്‍, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.