കാളികാവ്: മോഷ്ടാവാണെങ്കിലും നല്ല മനസുള്ളയാളായിരുന്നു കള്ളന്‍. അത്യാവശ്യത്തിന് ഒരു മൊബൈല്‍ മോഷ്ടിച്ച് കടന്നുകളയാനായിരുന്നു അയാളുടെ പദ്ധതി. ഇതിനായി കമ്പിയുപയോഗിച്ച് കട കുത്തിത്തുറന്ന് ഉള്ളില്‍ നിന്ന് ഒരു മൊബൈല്‍ മാത്രം എടുക്കുകയും ചെയ്തു. എന്നാല്‍ മോഷണം കഴിഞ്ഞപ്പോള്‍ വിചാരിച്ചതുപോലെ വാതില്‍ അടയ്ക്കാനാവുന്നില്ല. ഇത്രയധികം വിലമതിയ്ക്കുന്ന സാധനസാമഗ്രികളുള്ള കട തുറന്നിട്ട് എങ്ങിനെ പോകും. മോഷ്ടാവിലെ മനുഷ്യ സ്‌നേഹി ഉണര്‍ന്നു.കടയില്‍ എഴുതുവെച്ച നമ്പറില്‍ നിന്ന് ഉടമയെ വിളിച്ച് കട തുറന്നു കിടക്കുന്നതായി അറിയിച്ചു. ഒരു വഴിപോക്കനെന്ന് വിശദീകരണവും.
പെട്ടെന്നു തന്നെ കടയില്‍ പാഞ്ഞെത്തിയ ഉടമ കട മുഴുവന്‍ പരിശോധിച്ചു.12000 രൂപ വിലമതിയ്ക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ നഷടമായതായി മനസിലാക്കി. മോഷ്ടാവിനെ കണ്ടെത്താനായി സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു.അപ്പോഴാണ് കടയുടമ ശരിയ്ക്കും ഞെട്ടിയത്.സി.സി.ടി.വിയില്‍ കണ്ടത് ഫോണില്‍ തന്നെ വിളിച്ച അതെ ആള്‍.കൂടെ മറ്റൊരാളുമുണ്ടായിരുന്നു.
പിടിപ്പിയ്ക്കപ്പെട്ടതോടെ രണ്ടുപേരും പോലീസ് സ്‌റ്റേഷനിലെത്തി.കൂടെയുണ്ടായിരുന്ന ആള്‍ ഡമ്മി മോഷ്ടാവാണെന്ന് കള്ളന്‍ പോലീസിനെ അറിയിച്ചു. പിടിക്കപ്പെടുകയാണെങ്കില്‍ ഡമ്മിയെ ഹാജരാക്കി തനിയ്ക്ക് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം. ഇയാള്‍ക്ക് 2000 രൂപ നല്‍കും.
പണത്തിന് ഏറെ ബുദ്ധിമുട്ടുമ്പോള്‍ മാത്രം കടയില്‍ കയറി ഒരു മൊബൈല്‍ മാത്രം എടുക്കുന്നതാണ് തന്റെ രീതിയെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.രണ്ടു തവണ ഇതേ കടയില്‍ കയറി മോഷണം നടത്തിയശേഷം കതക് ഭദ്രമായി പൂട്ടി പുറത്തുകടന്നിരുന്നു. എന്നാല്‍ ഇത്തവണ പൂട്ടാനാവാതെ വന്നതാണ് വിനയായത്. ഒടുവില്‍ മോഷ്ടിച്ച ഫോണുകളുടെ പണം നല്‍കാമെന്ന ധാരണയില്‍ കടയുടമ പരാതി പിന്‍വനലിച്ചകതോടെ കേസ് അവസാനിച്ചു.