കണ്ണൂർ:ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫസർ ആർ. ബിന്ദുവെന്നല്ല, ഇനിമുതൽ ഡോക്ടർ ആർ. ബിന്ദുവെന്നാണറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോക്ടർ വി.പി. ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രിയായതു സംബന്ധിച്ച് മേയ് 20-ന് 1600, 1601 നമ്പർ ഗസറ്റുകളിലായി വിജ്ഞാപനങ്ങളിൽ പ്രൊഫ. ആർ. ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തിയാണിത്.
തൃശ്ശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷിൽ അസോസിയേറ്റ് പ്രൊഫസറായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രൊഫസർ ആർ. ബിന്ദുവായ ഞാൻ എന്നാണ് തുടങ്ങിയത്. ഉദ്യോഗത്തിലെ പദവി പറഞ്ഞുകൊണ്ടുള്ള പ്രതിജ്ഞ അനുചിതമാണെന്നും പ്രൊഫസർ എന്ന അവകാശവാദം തെറ്റാണെന്നും വിമർശനമുയർന്നിരുന്നു.
പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചുകഴിഞ്ഞിട്ടില്ലെന്നിരിക്കേ സത്യപ്രതിജ്ഞയിൽ സ്വയം അങ്ങനെ വിശേഷിപ്പിച്ചത് നിയമനടപടിക്ക് കാരണമായേക്കുമെന്ന സന്ദേഹത്തെത്തുടർന്നാണ് വിജ്ഞാപനം. ദേവികുളത്തു നിന്നു തിരഞ്ഞെടുക്കപ്പെട്ട എ. രാജ സത്യപ്രതിജ്ഞയിൽ ദൈവനാമത്തിൽ എന്നോ സഗൗരവം എന്നോ എടുത്തുപറയാതിരുന്നത് വിവാദമായിരുന്നു. മുമ്പ് കൊടുങ്ങല്ലൂരിൽനിന്ന് ജയിച്ച ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതുവരെയുള്ള 43 ദിവസത്തെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ചിരുന്നു.
സ്ഥാനക്കയറ്റത്തിന് യു.ജി.സി. ഏർപ്പെടുത്തിയ പ്രത്യേക മാനദണ്ഡങ്ങളാൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർമാരുമല്ലാതെ പൂർണ പ്രൊഫസർമാരില്ലാത്ത കാലമാണിത്. സർവകലാശാലാ പഠനവകുപ്പുകളിൽ പ്രൊഫസർ സ്ഥാനക്കയറ്റമുണ്ട്. പരാതിയെത്തുടർന്ന് 2018 ജൂലായിൽ യു.ജി.സി. മാറ്റംവരുത്തി.
യു.ജി.സി. നിശ്ചയിച്ച മാനദണ്ഡങ്ങൾ വിദഗ്ധസമിതി വിലയിരുത്തി അർഹർക്ക് പ്രൊഫസർ സ്ഥാനം നൽകാമെന്നായി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരി 20-നാണ് കേരളത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജധ്യാപക സ്ഥാനക്കയറ്റം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി ഉത്തരവിറക്കിയത്.